വർക്കല: നാരങ്ങവെള്ളം വിറ്റ നാട്ടിൽ പെൺകരുത്
വർക്കല: നാരങ്ങവെള്ളം വിറ്റ നാട്ടിൽ പെൺകരുത്തിന്റെ പ്രതീകമായൊരു മടങ്ങി വരവ്, സ്വപ്നതുല്യമായ ആ മടങ്ങിവരവിന് പറയാനുള്ളത് വർക്കല എസ്.ഐ ആനി ശിവയുടെ ജീവിതമാണ്. അവഗണനയും പരിഹാസവും പേറിയാണ് നെയ്യാറ്റിൻകര കാഞ്ഞിരംകുളം സ്വദേശി ആനി തന്റെ ജീവിതം കരുപിടിപ്പിച്ചത്. കൗമാര കാലത്തെ പ്രണയവും വിവാഹവും വേർപിരിയലുമെല്ലാം കാക്കിക്കുള്ളിലെ ഈ അമ്മമനത്തിന് കരുത്തേക്കി.
ആ യാത്രയ്ക്കിടെ 10 വർഷം മുമ്പ് ശിവഗിരി തീർത്ഥാടനത്തിന് സ്റ്റാളിട്ട് ഐസ്ക്രീമും നാരങ്ങവെള്ളവുമെല്ലാം വിറ്റിരുന്നു.
കാഞ്ഞിരംകുളം കെ.എൻ.എം ഗവ. കോളേജിൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ പ്രണയത്തിലായ ആനി വീട്ടുകാരുടെ എതിർപ്പവഗണിച്ച് വിവാഹിതയുമായി. പക്ഷേ ആ ജീവിതത്തിന്റെ ആയുസ് ആറുമാസം മാത്രമായിരുന്നു. കുഞ്ഞു ജനിച്ചതോടെ കുടുംബ ജീവിത്തിൽ താളപ്പിഴകളുണ്ടായി. തുടർന്ന് വേർപിരിയലും.
കൈക്കുഞ്ഞുമായി വീട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും ബന്ധുക്കൾ മുഖം തിരിച്ചു. തുടർന്ന് അമ്മൂമ്മയുടെ വീടിന്റെ ചായിപ്പിൽ കുഞ്ഞുമൊത്ത് ജീവിതമാരംഭിച്ചു.
ജീവിക്കാനായി വീട് വീടാന്തരം കറിപ്പൗഡർ വിറ്റു. പിന്നീട് ഇൻഷ്വറൻസ് ഏജന്റായി. ഓൺലൈൻ ബിസിനസ്, ടൈപ്പ് റൈറ്റിംഗ്, വിദ്യാർത്ഥികൾക്ക് പ്രോജക്ടും റെക്കാഡും തയ്യാറാക്കി നൽകൽ അങ്ങനെ ചെയ്ത ജോലികൾ ധാരാളം.
ശിവഗിരിയിലെ കച്ചവടക്കാരി
പലരുടെയും ഒപ്പം ചേർന്ന് ഉത്സവപ്പറമ്പുകളിൽ തുടങ്ങിയ ചെറിയ കച്ചവടത്തിലൂടെ ലഭിച്ച വരുമാനത്തിൽ പഠനം തുടർന്നു. സോഷ്യോളജിയിൽ ബിരുദവും നേടി. അതിനിടെ 2010ൽ ശിവഗിരിയിൽ നാരങ്ങവെള്ളവും ഐസ്ക്രീമും കച്ചവടം ചെയ്തു. കൈപ്പേറിയ ജീവിതയാത്രയിൽ തമ്പാനൂർ റെയിൽവേസ്റ്റേഷനിലും ആനി കൈക്കുഞ്ഞുമായി അന്തിയുറങ്ങിയിട്ടുണ്ട്. 2014ൽ വനിതകളുടെ എസ്.ഐ പരീക്ഷയെഴുതാൻ തിരുവനന്തപുരത്തെ പരിശീലനകേന്ദ്രത്തിൽ ചേർന്നു. അതിനിടെ വനിതാപൊലീസ് തസ്തികയിലും പരീക്ഷ എഴുതി. 2016ൽ കോൺസ്റ്റബിളായി. തുടർന്ന് മകൻ ശിവസൂര്യയ്ക്കൊപ്പം ക്വാട്ടേഴ്സിൽ താമസമാക്കി. 2019ൽ എസ്.ഐ ടെസ്റ്റ് ജയിച്ചു. പരിശീലനത്തിനുശേഷം എറണാകുളം സെൻട്രലിൽ പ്രൊബേഷൻ എസ്.ഐയായി. ജൂൺ 25നാണ് വർക്കലയിൽ നിയമനം ലഭിച്ചത്. ശിവാനന്ദൻ - പങ്കജം ദമ്പതികളുടെ രണ്ട് മക്കളിൽ ഇളയവളാണ് ആനി ശിവ.
എറണാകുളത്തേക്ക് സ്ഥലം മാറ്റം
നേരത്തെ നൽകിയ അപേക്ഷ പരിഗണിച്ച് എറണാകുളം സെൻട്രൽ സ്റ്റേഷനിലേക്ക് ആനിയ്ക്ക് സ്ഥലംമാറ്റം അനുവദിച്ചു. കുടുംബം എറണാകുളത്താണന്നും സ്ഥലമാറ്റം വേണമെന്നും ആനി അപേക്ഷിച്ചിരുന്നു.