 ടൂറിസ്റ്റ് വാഹനങ്ങൾ കട്ടപ്പുറത്തായിട്ട് 18 മാസം

തിരുവനന്തപുരം: കൊവിഡ് വ്യാപനവും ലോക്ക്ഡൗണും കാരണം പ്രതിസന്ധിയിലായവരിൽ ഒന്നാം സ്ഥാനത്താണ് ജില്ലയിലെ ടൂറിസവും അതിനെ ആശ്രയിച്ചിരുന്ന വാഹന മേഖലയും. കൊവിഡിന് പിന്നാലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾക്കും വിനോദയാത്രകൾക്കും താഴുവീണതോടെ ടൂറിസ്റ്റ് വാഹന മേഖല പൂർണമായും ലോക്കിലായി. കഴിഞ്ഞ 18 മാസമായി ഈ വാഹനങ്ങൾ കട്ടപ്പുറത്താണ്.

മികച്ച വരുമാനം ലഭിക്കേണ്ട സ്കൂൾ കോളേജ് വിനോദയാത്രകൾ ലഭിച്ചിട്ടില്ല. അവധിക്കാല വിനോദയാത്രാസീസണും തീർത്ഥയാത്രകളുമെല്ലാം കൊവിഡിൽ മുടങ്ങി. വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും നിയന്ത്രണം വന്നത് വാഹനമേഖലയേയും ബാധിച്ചു.

വരുമാനമില്ലാത്തതിനാൽ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ ഉടമകൾക്ക് ചെയ്യാനായിട്ടില്ല. ഒന്നരവർഷത്തോളം ഓടാതിരുന്നതോടെ വാഹനങ്ങളുടെ എൻജിനും സ്‌പെയർ പാർട്‌സുകളുമെല്ലാം കേടായി. ടയർ, ബാറ്ററി, എ.സി, സീറ്റുകൾ, ഗ്ലാസ് കർട്ടനുകൾ എന്നിവയെല്ലാം മാറ്റി പുത്തനാക്കിയാലേ വീണ്ടും നിരത്തിലിറങ്ങാനാകൂ. ഇതിന് പുറമേയാണ് നികുതി, ലോൺ തുടങ്ങിയ ചെലവുകൾ.

നികുതിയിൽ നിന്ന് ഒഴിവാകാൻ ഭൂരിഭാഗം ഉടമകളും സ്റ്റോപ്പേജ് നൽകി വാഹനങ്ങൾ ഷെഡ്ഡിലിട്ടിരിക്കുകയാണ്. നിലവിൽ 49 സീറ്റുള്ള (പുഷ്ബാക്ക്) വാഹനത്തിന് മൂന്നുമാസത്തേക്ക് 49,000 രൂപയാണ് നികുതി. പുഷ്ബാക്ക് സീറ്റില്ലാത്ത വാഹനങ്ങൾക്ക് 36,750 രൂപയും. മറ്റു വാഹനങ്ങളിൽ മൂന്ന് മാസത്തേക്ക് പുഷ്ബാക്ക് സീറ്റൊന്നിന് 1000 രൂപയും പുഷ്ബാക്കില്ലാത്ത സീറ്റുകൾക്ക് 750 രൂപയുമാണ് നികുതി.

 ടൂറിസം പാക്കേജിന് പുറത്ത്

കേന്ദ്ര,​ സംസ്ഥാന സർക്കാരുകൾ ടൂറിസം പാക്കേജുകൾ പ്രഖ്യാപിക്കുമ്പോൾ ഇതുവരെയും ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വാഹനങ്ങളെയും ജീവനക്കാരെയും പരിഗണിച്ചിട്ടില്ല. ആളുകളെ ടൂറിസം കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന വാഹനമേഖലയെ പരിഗണിക്കാത്തത് അനീതിയാണെന്ന് ഉടമകൾ പറയുന്നു.

 നാളെ പ്രതിഷേധം

നിശ്ചലമായിരിക്കുന്ന ടൂറിസ്റ്റ് മേഖലയെ പരിഗണിക്കാത്തതിനെതിരെയും മൊറട്ടോറിയം അനുവദിക്കാത്ത ബാങ്കുകളുടെ നടപടിക്കെതിരെയും കോൺട്രാക്ട് ഗാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തിരുവനന്തപുരം മുതൽ കാസർകോട് വരെ നാളെ വൈകിട്ട് അഞ്ച് മുതൽ 15 മിനിട്ട് നേരം നാഷണൽ ഹൈവേയിൽ വാഹനങ്ങൾ നിറുത്തിയിട്ട് പ്രതിഷേധിക്കും.

 ജില്ലയിലെ ടൂറിസ്റ്റ് വാഹനങ്ങൾ (എകദേശം)​

49 സീറ്റ് വാഹനങ്ങൾ- 1500

30നും 49നും മദ്ധ്യേ സീറ്റുള്ളവ- 300

29നും 17നും മദ്ധ്യേ സീറ്റുള്ളവ- 500

16നും ഏഴിനും ഇടയിൽ സീറ്റുള്ളവ- 700

 പല വാഹനങ്ങളും പൂർ‌ണമായി നശിച്ചിട്ടുണ്ട്. ഒരു വാഹനം ഇനി റോഡിൽ ഇറങ്ങണമെങ്കിൽ രണ്ടര ലക്ഷം രൂപയെങ്കിലും ചെലവ് വരും. സർക്കാരിൽ നിന്ന് ഉടമകൾക്ക് ആശ്വാസമൊന്നും ലഭിച്ചിട്ടില്ല. ജീവനക്കാരും ദുരിതത്തിലാണ്. നികുതി ഒഴിവാക്കാൻ സർക്കാർ തയ്യാറാകണം.

- പ്രശാന്തൻ. എസ്
സംസ്ഥാന സെക്രട്ടറി, കോൺട്രാക്ട് ഗാരേജ് ഓപ്പറേറ്റേഴ്സ് അസോ.