നാഗർകോവിൽ: കന്യാകുമാരിയിൽ കഞ്ചാവ് മാഫിയകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ രണ്ടുപേർ കുത്തേറ്റ് മരിച്ച സംഭവത്തിൽ മൂന്നാം പ്രതിയെയും പൊലീസ് പിടികൂടി. അഗസ്‌തീശ്വരം സ്വദേശി ബില്ലാ രാജേഷിനെയാണ് (26) ഇന്നലെ പിടികൂടിയത്. കന്യാകുമാരി സുനാമി കോളനി സ്വദേശി ജെശുരാജ് (24), നാഗർകോവിൽ കടയവിള സ്വദേശി സെൽവൻ (24) എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിൽ ബകീഷ്വരൻ, മുത്തുകുമാർ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റുചെയ്‌തിരുന്നു. കുത്തേറ്റ കന്യാകുമാരി ചിന്നമുട്ടം സ്വദേശി ജെനീഷ് (27) ചികിത്സയിലാണ്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.