uni

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനും തദ്ദേശസ്ഥാപനങ്ങളിലെ ലോക്ക്ഡൗണിനുമിടെ, വിവിധ സർവകലാശാലകളിൽ ഇന്നുമുതൽ പരീക്ഷകൾ തുടങ്ങുന്നു. കേരള സർവകലാശാലയിൽ ബിരുദ പരീക്ഷകൾ ഇന്നും പി.ജി പരീക്ഷകൾ നാളെയും (29)തുടങ്ങും. ബി.എസ്‌സി, ബികോം പരീക്ഷ രാവിലെ 9.30മുതൽ 12.30 വരെയും ബി.എ പരീക്ഷകൾ ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചുവരെയുമാണ്.

രോഗവ്യാപനത്തിന് കാര്യമായ ശമനമില്ലാത്തതും പൊതുഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാത്തതും വാക്സിൻ ലഭിക്കാത്തതുമാണ് വിദ്യാർത്ഥികളെ വലയ്ക്കുന്നത്. ഓൺലൈനായി പരീക്ഷ നടത്തണമെന്ന ആവശ്യം സർക്കാരും സർവകലാശാലകളും തള്ളിയിരുന്നു. പരീക്ഷ മാറ്റിവച്ചാൽ വിദ്യാ‌ർത്ഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്നാണ് സർവകലാശാലകൾ പറയുന്നത്. അതേസമയം കേരള സർവകലാശാല കൊവിഡ് പോസി​റ്റീവ് ആയ വിദ്യാർത്ഥികൾക്കായി പിന്നീട് സ്‌പെഷ്യൽ പരീക്ഷ നടത്തും.

കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് ബിരുദ, ബിരുദാനന്തര പരീക്ഷകൾ നടത്തുമെന്ന് കേരള സർവകലാശാല അറിയിച്ചു. വീടിനടുത്തെ കോളേജുകളിൽ പരീക്ഷയെഴുതാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. സർവകലാശാലാ പരിധിക്കു പുറത്ത് 11കേന്ദ്രങ്ങളുമുണ്ട്. 435പേർ ഇവിടങ്ങളിൽ പരീക്ഷയെഴുതും. പരീക്ഷാകേന്ദ്രങ്ങളിൽ കൊവിഡ് പ്രോട്ടോക്കോളൊരുക്കാൻ പതിനായിരം രൂപവരെ ധനസഹായം നൽകിയെന്നും പ്രോവൈസ്ചാൻസലർ ഡോ.പി.പി. അജയകുമാർ പറഞ്ഞു.

വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രത്തിലെത്താൻ ഡി.വൈ.എഫ്‌.ഐ സംസ്ഥാന വ്യാപകമായി സ്‌നേഹവണ്ടികൾ ഒരുക്കും.