കൊവിഡ് വ്യാപനത്തെയും ലോക്ക് ഡൗണിനെയും തുടർന്ന് ജോലി നഷ്ടമായവരും സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവരും നിരവധിയാണ്. ഇതിനിടയിലാണ് വിചിത്രമായ ചില ജോലികളെക്കുറിച്ചുള്ള വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. സാധാരണക്കാരുടെ ചിന്തകൾക്ക് അതീതമാണ് ലോകത്തിന്റെ വിവിധയിടങ്ങളിലെ ഈ വിചിത്ര ജോലികൾ. കേൾക്കുമ്പോൾ 'ഇങ്ങനെയും ജോലിയുണ്ടോ?' എന്ന ചിന്ത തോന്നുക സ്വാഭാവികമാണെങ്കിലും, ഇത്തരം ജോലികളുടെ ശമ്പളവും വളരെ ഉയർന്നതാണ്. വാടക ബോയ്ഫ്രണ്ടാകുന്നതും വളർത്തുമൃഗങ്ങളുടെ ഭക്ഷണം രുചിച്ച് നോക്കുന്നതുമൊക്കെ ഒരു ജോലിയായി കാണാൻ ആർക്കാണ് കഴിയുക. ലോകമെമ്പാടുമുള്ള അതിവിചിത്രമായ ജോലികളെ അടുത്തറിഞ്ഞാലോ? വൈറ്റ് കോളർ ജോലി നേടാൻ അശ്രാന്ത പരിശ്രമം ചെയ്യുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ജോലി സാദ്ധ്യതകളെക്കുറിച്ചാണ് ഇനി പറയുന്നത്.
ഭക്ഷണം രുചിക്കാം...
വളർത്തുമൃഗങ്ങളുടെ ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കുന്ന കമ്പനികൾ തങ്ങളുടെ ഉൽപ്പന്നത്തിന്റെ നിലവാരം പരിശോധിക്കാൻ ഫുഡ് ടെയ്സ്റ്റേഴ്സിനെ നിയോഗിക്കാറുണ്ട്. നക്ഷത്ര ഹോട്ടലുകളിൽ കഴിക്കാനുള്ള ഭക്ഷണം രുചിച്ച് നോക്കുന്ന ജോലി സാധാരണമാണ്. എന്നാൽ വളർത്തുമൃഗങ്ങളുടെ ഭക്ഷണം രുചിച്ച് നോക്കുക എന്നത് അൽപ്പം കടന്നുപോയില്ലേ എന്ന് തോന്നാം.എന്നാൽ പ്രതിവർഷം 20,000 യൂറോ മുതൽ 50,000 രൂപ വരെയാണ് ഇത്തരം ജോലിക്കാരുടെ വരുമാനം.
ഉറങ്ങി നേടാം ശമ്പളം...
ഉറങ്ങുന്ന ജോലി! അമേരിക്കൻ സ്‌പേസ് ഏജൻസിയായ നാസയാണ് ഈ വിചിത്രമായ ജോലി ഓഫർ ചെയ്യുന്നത്. 18000 ഡോളർ അഥവാ 12.5 ലക്ഷം രൂപയാണ് ഇതിന് പ്രതിഫലം. എന്നാൽ കേൾക്കുന്ന പോലെ അത്ര നിസാരമല്ലകാര്യങ്ങൾ. 70 ദിവസം അനക്കമില്ലാതെ കിടക്കുന്ന ഒരാൾക്ക് എന്തൊക്കെ പാർശ്വ ഫലങ്ങൾ ഉണ്ടാകുമോയെന്ന് പഠിക്കുകയാണ് നാസയുടെ ലക്ഷ്യം. എന്നാൽ അധികം റിസ്‌കില്ലാത്ത ഉറക്ക ജോലിയും ഉണ്ട്. ഫിൻലന്റിലെ ഒരു ഹോട്ടൽ അവരുടെ റൂം ടെസ്റ്റ് ചെയ്യാനാണ് 'ഉറക്ക'ക്കാരെ ക്ഷണിക്കുന്നത്. കൂടാതെ ചില മാട്രസ് കമ്പനിക്കാർ അവരുടെ ബെഡിന്റെ നിലവാരം പരിശോധിക്കാനും പ്രൊഫഷണൽ ഉറക്കക്കാരെ ക്ഷണിക്കുന്നുണ്ട്.
കക്ഷംമണത്തും നേടാം...
ഇത്രയും വിചിത്രമായ ഒരു ജോലി മുമ്പൊരിക്കലും നിങ്ങൾ കേൾക്കാനിടയില്ല. ഡിയോഡറന്റ് കമ്പനികളാണ് ഈ ജോലി വാഗ്ദാനം ചെയ്യുന്നത്. ആളുകളുടെ കക്ഷം മണത്ത് നോക്കി വിശകലനം ചെയ്യുകയാണ് ഇവരുടെ ജോലി. സാധാരണയായി ഈ പ്രൊഫഷനിലുള്ളവർ ഡിയോഡറന്റിന്റെ ഗുണനിലവാരം വിലയിരുത്തുന്നതിന് മണിക്കൂറിൽ 60 പേരുടെ കക്ഷം വരെ മണത്തു നോക്കേണ്ടി വരും. പ്രതിവർഷം 19,000 മുതൽ 52,000 ഡോളർ വരെയാണ് വരുമാനം.
പ്രൊഫഷണൽ തള്ളുകാർ
ജപ്പാനിൽ ട്രെയിനിൽ കയറുന്നവരെ തള്ളിക്കയറ്റുന്ന ജോലിയാണിത്. തികച്ചും പ്രൊഫഷണലായി ആളുകളെ തള്ളി ട്രെയിനിൽ കയറ്റി സമയത്തിന് ഓഫീസിൽ എത്താൻ സഹായിച്ചാൽ മണിക്കൂറിൽ 1200 യെൻ (771 രൂപ) വരെ പ്രതിഫലം നേടാം.
കെട്ടിപ്പിടിച്ചും സമ്പാദിക്കാം...
ഇന്നത്തെക്കാലത്ത് ഒരാളെ സ്നേഹത്തോടെ ആലിംഗനം ചെയ്യുന്നതും ഒരു ജോലിയാണ്. ശാരീരിക സ്പർശം ആശ്വാസവും നൽകുന്ന ഇത്തരം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനികളുമുണ്ട്. ഈ മേഖലയിൽ ജോലി ചെയ്യുന്ന ഒരാൾക്ക് മണിക്കൂറിൽ ഏകദേശം 4,000 രൂപ മുതൽ 5,500 രൂപ വരെ ലഭിക്കും.
വാടക ബോയ് ഫ്രണ്ട്
സിമുലേറ്റ് റൊമാൻസ് വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ചില ജാപ്പനീസ് വെബ്‌സൈറ്റുകളിൽ വാടക ബോയ്‌ഫ്രണ്ട് അല്ലെങ്കിൽ ഗേൾഫ്രണ്ടിനെ ജോലിക്കായി തിരഞ്ഞെടുക്കാറുണ്ട്. ഉപഭോക്താവിന്റെ കാമുകനോ കാമുകിയോ ആയി അഭിനയിക്കുന്നതിനാണ് ജോലിക്കാർക്ക് ശമ്പളം ലഭിക്കുക. വാടകയ്‌ക്കെടുക്കുന്ന പങ്കാളികൾക്കൊപ്പം കറങ്ങാൻ പോവുക എന്നത് ജോലിയുടെ ഭാഗമാണ്. ചെലവുകളെല്ലാം ക്ലൈന്റ് തന്നെയാണ് വഹിക്കുക.
മരണവീട്ടിലെ വാടകക്കാർ
ശവസംസ്ക്കാര വേളയിൽ വിലപിക്കാനും കരയാനും ആളുകളെ നിയമിക്കുന്നത് അൽപ്പം വിചിത്രമായി തോന്നുന്നില്ലേ? എന്നാൽ ഇതും ഒരു പ്രൊഫഷനാണ്. ചില നാടുകളിലെ വിശ്വാസപ്രകാരം സംസ്കാര വേളയിൽ ഉച്ചത്തിൽ കരച്ചിലുകൾ കേൾക്കുന്നത് മരിച്ചവരുടെ മെച്ചപ്പെട്ട മരണാനന്തര ജീവിതത്തിന് ഗുണകരമാണെന്നാണ് വിശ്വാസം. അതിനാൽ ഇത്തരം ചടങ്ങുകൾക്കായി പ്രൊഫഷണൽ കരച്ചിലുകാരെ ആവശ്യം വരും . വെറുതേ വേണ്ട നല്ല പ്രതിഫലം തരും
അനങ്ങാതെ നിന്നാൽ...
വസ്ത്രശാലകളിൽ പ്രതിമകൾക്ക് പകരം ജീവനുള്ള മനുഷ്യരെ മാനെക്വിനുകളായി നിർത്താറുണ്ട്. ഫാഷൻ ഹബുകളായ മിലാൻ, പാരീസ്, ടോക്കിയോ തുടങ്ങിയ നഗരങ്ങളിൽ ഇത് പതിവാണ്. 45 മിനിറ്റോളം പ്രതിമയെ പോലെ അനങ്ങാതെ നിൽക്കുക എന്നതാണ് ജോലി. മണിക്കൂറിന് 70 ഡോളർ (4,840 രൂപ) ആണ് പ്രതിഫലം.
ലേലു അല്ലൂ! ലേലു അല്ലൂ!
2001ൽ സൗത്ത് വെസ്റ്റ് എയർലൈൻസ് ഫ്രെഡ് ടെയ്ലർ എന്നൊരാളെ ജോലിക്കെടുത്തു. അദ്ദേഹത്തിന്റെ പോസ്റ്റ് എന്തായിരുന്നെന്നൊ? എയർലൈന്റെ ഭാഗത്ത് നിന്ന് വന്ന പിഴവുകൾക്ക് യാത്രക്കാരോട് ക്ഷമ ചോദിക്കുക. ഫ്‌ളൈറ്റ് വൈകുക, യാത്ര മുടങ്ങുക എന്നിങ്ങനെ പല കാര്യങ്ങൾക്ക് ക്ഷമ ചോദിച്ച് പേഴ്സണലൈസ്ഡ് കുറിപ്പുകൾ എഴുതുന്ന ഈ ജോലിക്ക് ശമ്പളം പ്രതിമാസം 4100 ഡോളർ അഥവാ 2.86 ലക്ഷം രൂപയാണ്.