പാറശാല: വാക്സിൻ വിതരണ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ആശങ്ക ഉളവാക്കുന്നതായി പരാതി. അനുദിനം വാക്സിൻ മാറിമാറി വിതരണം ചെയ്യുന്നതിനാൽ ഏത് വാക്സിൻ ആണ് ഓരോ ദിവസവും വിതരണം നടത്തുന്നത് എന്ന് വ്യക്തമല്ല. വാക്സിൻ നൽകുന്നതിന്റെ വിവരങ്ങൾ പ്രദർശിപ്പിക്കാത്തതിനാൽ രണ്ടാമത്തെ ഡോസ് സ്വീകരിക്കാനായി എത്തുന്നവരിൽ ആശങ്കക്ക് കാരണമാക്കുന്നതായി പരാതി. മണിക്കൂറുകളോളം ക്യുവിൽ നിന്ന ശേഷം ലഭിക്കുന്ന ടോക്കണുമായി വീണ്ടും മണിക്കൂറുകൾ ചെലവിട്ട് വാക്സിൻ സ്വീകരിക്കുന്ന മുറിയിൽ പ്രവേശിക്കുമ്പോഴാണ് പലരും വാക്സിൻ ഏതാണെന്നും ആദ്യം സ്വീകരിച്ച വാക്സിൻ അല്ല അന്ന് അവിടെ വിതരണം നടത്തുന്നത് എന്നും അറിയുന്നത്. വിവരങ്ങൾ കൃത്യമായി മനസിലാക്കാത്ത സാധാരണക്കാർ പലരും ആദ്യം സ്വീകരിച്ച അതേ വാക്സിൻ തന്നെയാണോ രണ്ടാമത് ഡോസ് ആയി സ്വീകരിക്കുന്നത് എന്ന് ഉറപ്പാക്കാതെ തെറ്റായി സ്വീകരിക്കുകയോ അല്ലാത്തപക്ഷം മണിക്കൂറുകൾ ചെലവിട്ട ശേഷം വാക്സിൻ സ്വീകരിക്കാൻ കഴിയാതെ പോകുകയോ ചെയ്യുന്നതായും പരാതികൾ ഉണ്ട്. ഓൺലൈൻ രജിസ്‌ട്രേഷനിലെ തകരാറുകൾ കാരണവും ഇത്തരത്തിൽ ആദ്യ ഡോസ് കൊവാക്സിൻ സ്വീകരിച്ചവരെ രണ്ടാമത് ഡോസിനായി കൊവാക്‌സിന് പകരം കൊവിഷീൽഡ്‌ വിതരണം നടത്തുന്ന കേന്ദ്രങ്ങളിലേക്ക് തെറ്റായി സ്ലോട്ടുകൾ നൽകി പറഞ്ഞയക്കുന്നതായും പരാതികൾ ഉണ്ട്. ഇത്തരത്തിൽ ആദ്യ ഡോസായി കൊവാക്സിൻ സ്വീകരിച്ച പലരും രണ്ടാമത് ഡോസ് സ്വീകരിക്കുന്നതിനായി നെയ്യാറ്റിൻകര ജെ.ബി.എസ് സ്‌കൂളിലെ വാക്സിൻ കേന്ദ്രത്തിൽ എത്തിയപ്പോഴാണ് കൊവിഷീൽഡ്‌ ആണ് വിതരണം നടത്തുന്നതെന്ന് മനസിലായത്. ഇതിനിടെയിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു.