തിരുവനന്തപുരം: വനിതാ നേതാവിനെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്ത കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ നേതാവ് സായികൃഷ്ണയെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. നിയമസഭ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിന് എത്തിയ ഡി.വൈ.എഫ്.ഐ ചാല ഏരിയാ കമ്മിറ്റി അംഗമായ ഗോപികയെ ഇതേ കമ്മിറ്റിയിലെ അംഗമായ സായികൃഷ്ണ ഉപദ്രവിച്ചതായി കാട്ടി ഗോപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.

സായികൃഷ്ണ ഹൈകോടതിയിൽ മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും കോടതിയിൽ നിന്ന് ജാമ്യം കിട്ടിയില്ല. പകരം മുൻകൂർ നോട്ടീസ് നൽകി വിളിച്ച് വരുത്തി വേണം അറസ്റ്റ് ചെയ്യാൻ എന്ന കോടതി നിർദേശം പാലിച്ച് ഞായറാഴ്ച പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.