തിരുവനന്തപുരം: വനിതാശുചീകരണ തൊഴിലാളിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ. തിരുവനന്തപുരം കോർപറേഷനിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മലയിൻകീഴ് സ്വദേശി അജി(40) യെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. വൈകിയെത്തിയ തൊഴിലാളിയെ കാബിനിൽ വിളിച്ചുവരുത്തിയശേഷം മാസ്ക് മാറ്റി മുഖം കാണിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് തൊഴിലാളിയുടെ കൈയിൽ കടന്നുപിടിക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. തുടർന്ന് ഇവർ കോർപ്പറേഷൻ സെക്രട്ടറിക്ക് പരാതി നൽകി. പരാതി മ്യൂസിയം പൊലീസിന് കൈമാറുകയും ചെയ്തു. മ്യൂസിയം പൊലീസ് ഇരുവരുടെയും മൊഴി എടുത്തശേഷമാണ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് മ്യൂസിയം സി.ഐ പ്രജീഷ് ശശി അറിയിച്ചു. ഇയാളെ സസ്‌പെൻഡ് ചെയ്തതായി മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.