കാസർകോട്: ബങ്കളം കൂട്ടപ്പുന്നയിൽ കേന്ദ്ര പദ്ധതി പ്രകാരം പണിത 'പട്ടിക്കൂടുകൾ' പൊളിക്കാത്തതെന്തേ എന്നാണ് നാട്ടുകാരുടെ ചോദ്യം. വീടില്ലാത്ത പട്ടിക വർഗക്കാർക്ക് നൽകാൻ സർക്കാർ നിർമ്മിച്ച കോളനി വീടുകൾ മൂന്നുപതിറ്റാണ്ട് കഴിഞ്ഞിട്ടും ശാപമോക്ഷം ലഭിക്കാതെ കിടക്കുകയാണ്. മടിക്കൈ ഗ്രാമ പഞ്ചായത്തിലെ ബങ്കളം കൂട്ടപ്പുന്നയിൽ ചായ്യോം റോഡിന് സമീപത്തെ 50 സെന്റ് സ്ഥലം ഏറ്റെടുത്ത് നിർമ്മിച്ച 10 വീടുകൾ കാടുമൂടി നശിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായിട്ടും പൊളിച്ചു നീക്കാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല. സംസ്ഥാന പട്ടിക വർഗ വികസന വകുപ്പ് 1990 കളിൽ നിർമ്മിച്ചതാണ് രാജീവ്ഗാന്ധി ലക്ഷംവീട് പദ്ധതി പ്രകാരമുള്ള ഈ വീടുകൾ.
അടുക്കളയും വരാന്തയും മാത്രമായിരുന്നു വീടുകൾക്ക് ഉണ്ടായിരുന്നത്. അടച്ചുറപ്പുള്ള വാതിൽ പോലും ഇല്ലെന്നും വിമർശനമുയർന്നിരുന്നു. പശുത്തൊഴുത്ത് ഇതിനേക്കാൾ വലുതായി നാട്ടിൽ നിർമ്മിക്കാറുണ്ടായിരുന്നു. അത്രയും വരില്ല ഈ ഭവനങ്ങൾ. ഇവിടെ താമസിക്കാനായി 10 ഗുണഭോക്താക്കളെയും കണ്ടെത്തിയിരുന്നെങ്കിലും ഒരു ദിവസം പോലും ഇവിടെ അന്തിയുറങ്ങാൻ ആരുമെത്തിയില്ല. കക്കൂസ് പോലും ഇല്ലാത്തതും തിരിച്ചടിയായി. ഇതോടെ ഉദ്ഘാടനം ചെയ്ത അന്നു മുതൽ ഈ വീടുകൾ അനാഥമായി കിടക്കുകയാണ്. വീടില്ലാതെ ദുരിതത്തിലായ പട്ടികവർഗക്കാർക്ക് തണലൊരുക്കാനാണ് നിർമ്മിച്ചതെങ്കിലും അസൗകര്യം അറിഞ്ഞതോടെ ഈ വീടുകളിലേക്ക് താമസക്കാർ മാത്രം എത്തിയില്ല. ഏറെ വർഷങ്ങൾ കഴിഞ്ഞിട്ടും താമസക്കാർ എത്താതായതോടെ പല സ്ഥലങ്ങളിൽ നിന്നുള്ളവർ എത്തി വീടുകൾ കയ്യേറി താമസം തുടങ്ങുകയായിരുന്നു. ഇതിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരും പിടികിട്ടാപ്പുള്ളികളും സമൂഹികവിരുദ്ധരും ഉണ്ടായിരുന്നു. പരിസരവാസികൾക്ക് ശല്യമാകാൻ തുടങ്ങിയതോടെ നാട്ടുകാർ ഇടപെട്ട് എല്ലാവരെയും ഇവിടെ നിന്ന് ഒഴിപ്പിച്ചുവിടുകയായിരുന്നു. പഴക്കമേറിയതോടെ വീടുകളിൽ പലതും ഇടിഞ്ഞു പൊളിഞ്ഞു വീഴാൻ തുടങ്ങിയിട്ടുണ്ട്. വീടുകളോട് ചേർന്ന് ആൽമരം മുളക്കുകയും ചെയ്തു. മറ്റുള്ളവ ഇഴജന്തുക്കളും മൃഗങ്ങളും താവളമാക്കുകയും ചെയ്തിരിക്കുകയാണ്. താമസയോഗ്യമല്ലാത്ത വീടുകൾ പൊളിച്ചുമാറ്റി പകരം പുതിയ വീടുകൾ നിർമ്മിച്ച് നൽകുകയോ മറ്റേതെങ്കിലും പദ്ധതിക്ക് ഈ സ്ഥലം പ്രയോജനപ്പെടുത്തുകയോ ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ബൈറ്റ്
1985-90 കാലഘട്ടത്തിൽ കെ.വി. കുമാരൻ പ്രസിഡന്റ് ആയിരുന്ന കാലത്താണ് നിർമ്മിച്ചത്. ഇനിയത് പൊളിച്ചുമാറ്റി മറ്റേതെങ്കിലും തൊഴിൽ, കായിക സംരംഭങ്ങൾ ഉൾപ്പെടെ തുടങ്ങാൻ ആലോചിക്കും. വീടുകൾ പൊളിക്കാൻ സർക്കാർ അനുമതി വേണം. അതിനായി പഞ്ചായത്ത് പരിശ്രമിക്കും.
വി. പ്രകാശൻ
മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്