വെഞ്ഞാറമൂട്: തേമ്പാമൂട് ജനത ഹയർ സെക്കൻഡറി സ്കൂളിന്റെ സമ്പൂർണഡിജിറ്റൽ പ്രഖ്യാപനവും ഡിജിറ്റൽ ലൈബ്രറിയുടെ ഭാഗമായുള്ള സ്മാർട്ട് ഫോൺ വിതരണോദ്ഘാടനവും എം.എൽ.എ ഡി.കെ. മുരളി നിർവഹിച്ചു. കുട്ടികൾക്ക് ഓൺലൈൻ പഠനം സാധ്യമാക്കുന്നതിനാണ് സ്കൂൾ ഡിജിറ്റൽ ലൈബ്രറി സംവിധാനമൊരുക്കിയത്. സ്കൂൾ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങളെടുക്കുന്ന മാതൃകയിലാണ് ക്രമീകരണം. ഡിജിറ്റൽ ലൈബ്രറിയിലേക്ക് അദ്ധ്യാപകർ, വ്യക്തികൾ, പൂർവവിദ്യാർത്ഥികൾ സ്ഥാപനങ്ങൾ എന്നിവരാണ് സ്മാർട്ട് ഫോണുകൾ നൽകിയത്. ടെക്നോപാർക്കിലെ ക്യൂബർസ്റ്റ് ടെക്നോളജീസ് എന്ന കമ്പനിയുടെ പ്രതിനിധി മഞ്ജുഷ 10 സ്മാർട്ട് ഫോണുകൾ സ്കൂളിന് കൈമാറി. പി.ടി.എ പ്രസിഡന്റ് ഷംനാദ് പുല്ലമ്പാറ, പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേഷ്, ജില്ലാ പഞ്ചായത്തംഗം കെ. ഷീലാകുമാരി, ജനപ്രതിനിധികളായ വി. ശ്രീകണ്ഠൻ നായർ, സുഹറാ സലീം, ഇ.എ. മജീദ്, എസ്. ശുഭ, നസീർ അബുബക്കർ, പി.ടി.എ വൈസ് പ്രസിഡന്റ് ജയചന്ദ്രൻ, മദർ പി.ടി.എ പ്രസിഡന്റ് അദീബ, സ്കൂൾ ഹെഡ്മാസ്റ്റർ പ്രദീപ് നാരായൺ, പ്രിൻസിപ്പൽ ഇൻ ചാർജ് സ്മിത.ടി.എസ് എന്നിവർ പങ്കെടുത്തു.