പെരുമ്പാവൂർ: കൊവിഡ് യാത്രകൾക്ക് വിലങ്ങുത്തടിയാവുമ്പോഴും രോഗമുക്തമായൊരു കാലത്ത് ട്രെയിനിൽ വീണ്ടും ഇന്ത്യ ചുറ്റിക്കാണാനുള്ള അതിയായ ആഗ്രഹത്തിലാണ് സഞ്ചാരിയും എഴുത്തുകാരനും ടൂറിസം അദ്ധ്യാപകനുമായ എറണാകുളം പെരുമ്പാവൂർ സ്വദേശി എബിൻ. ട്രെയിൻ യാത്ര ഏറെ ഇഷ്ടമുള്ള എബിൻ ഇന്ത്യയിലെ ഇരുനൂറ്റി എൺപത്തിൽ പരം സ്ഥലങ്ങൾ സന്ദർശിച്ചു. കൊവിഡ് വ്യാപനത്തിന് മുൻപ് അവസാനമായി ട്രെയിൻ യാത്ര നടത്തിയത് 2020 മാർച്ചിൽ പത്താൻകോട്ടിൽ നിന്ന് ഡൽഹിയിലേക്കാണ്. കഴിഞ്ഞ പതിനഞ്ചു മാസമായി ദീർഘദൂര ട്രെയിൻ യാത്രകൾ നടത്താതെ വീട്ടിൽ ഒതുങ്ങി കൂടുകയാണ് എബിൻ.
കൊങ്കൺ റെയിൽവേയിലൂടെയുള്ള യാത്രകൾ ഒരുപാട് പ്രാവശ്യം നടത്തിയിട്ടുണ്ട്. യുനെസ്കോ പൈതൃക റെയിൽവേ ആയ നീലഗിരി മൗണ്ടൈൻ റെയിൽവേ, കൽക ഷിംല റെയിൽവേ എന്നിവയിൽ യാത്രകൾ ആസ്വദിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ പശ്ചിമഘട്ടത്തിലൂടെയുള്ള നേരാൽ മുതൽ മാത്തേരൻ വരെയുള്ള ടോയ് ട്രെയിൻ യാത്രയും ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ്മകളാണ് സമ്മാനിച്ചത്.ട്രെയിൻ യാത്രയിലെ ഭക്ഷണവും വേറിട്ട അനുഭവമാണ് നൽകിയത്. ചായ, കാപ്പി, ഓംലറ്റ്, റെയിൽ നീർ, ബിരിയാണി, താലി, വടാ പാവ്, പാവ് ഭാജി, നാടൻ പഴങ്ങൾ എന്നിവയുടെ രുചികൾ ആണ് പെട്ടെന്ന് മനസ്സിലേക്ക് കടന്ന് വരുന്നതെന്ന് എബിൻ പറയുന്നു.
ട്രെയിൻ യാത്രകളുടെ പഴയ കാല കാർഡ് ബോർഡ് ടിക്കറ്റുകൾ മുതൽ ഇന്നത്തെ കമ്പ്യൂട്ടർ ടിക്കറ്റുകൾ വരെ എബിൻ സൂക്ഷിക്കുന്നുണ്ട്. ട്രെയിൻ ലോഗോയുള്ള പേപ്പർ ഗ്ലാസ്സുകൾ, ട്രെയിൻ ടൈം ടേബിൾ ബുക്ക്, ചെറിയ ട്രെയിൻ എഞ്ചിൻ ശേഖരണങ്ങളും കൈവശമുണ്ട്.'നിലമ്പൂർ റെയിൽവേ' എന്ന പുസ്തകത്തിന്റെ രചനയിലാണിപ്പോൾ എബിൻ. മഴ ആസ്വദിച്ചു കൊങ്കൺ പാതയിലൂടെയും തുടർന്ന് തെലങ്കാനയിലെ ആദിലാബാദും മഹാരാഷ്ട്രയിലെ ഹസൂർ സാഹേബ് നാൻദഡും സന്ദർശിക്കാനാണ് എബിന്റെ അടുത്ത പ്ലാൻ. മഹാമാരിക്കാലം മാറിയാൽ വീണ്ടും യാത്രകളിൽ സജീവമാകാനാണ് എബിന്റെ തീരുമാനം.