jeep

പേരാമ്പ്ര: കൊവിഡ് പ്രതിസന്ധിയ്ക്കൊപ്പം ഡീസൽ വിലയും കൂടിയതോടെ വലയുകയാണ് ജനകീയ ജീപ്പ് സർവീസുകൾ. ബസ് റൂട്ടുകളിലാത്ത മലയോര റൂട്ടുകളിൽ ജനത്തിന് ആശ്വാസമായിരുന്ന വിഭാഗമാണ് തിരിച്ചടി നേരിടുന്നത്. കൊവിഡ് സാമൂഹ്യ വ്യാപനത്തെ ഭയന്ന് ഓട്ടം നിറുത്തിയ ജീപ്പുകൾ പുനരാരംഭിച്ചെങ്കിലും യാത്രക്കാരെ കിട്ടാതെ പ്രതിസന്ധിയിലാണ്.
കോഴിക്കോടിന്റെ മലയോരത്ത് മാത്രം വിവിധ ടൗണുകളിലായി നിരവധി ജനകീയ
ജീപ്പ് സർവീസുകളുണ്ട്. പേരാമ്പ്ര, കടിയങ്ങാട്, കൂരാച്ചുണ്ട്, നടുവണ്ണൂർ, കുട്ടാലിട, ബാലുശ്ശേരി, കുറ്റ്യാടി, കക്കട്ട്, തൊട്ടിൽപ്പാലം, കല്ലാച്ചി, എടച്ചേരി, ഓർക്കാട്ടേരി തുടങ്ങിയ പ്രധാന ടൗണുകളിൽ നിന്നും പുറപ്പെട്ട് പതിനഞ്ച് കിലോമിറ്റർ വരെ അകലെയുള്ള ഉൾനാടൻ ഗ്രാമങ്ങളെ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന സംവിധാനമാണ് ജനകീയ ജീപ്പുകൾ.
ഇൻഷുറൻസ്, ടാക്‌സ്, വാർഷിക രജിസ്റ്റർ, പെർമിറ്റ് പുതുക്കൽ ഉൾപ്പെടെ ഭീമമായ സംഖ്യ ഓരോ വാഹനത്തിനും ചെലവ് വരുന്നത് എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് പല
ഡ്രൈവർമാരും ജനകീയ ജീപ്പ്‌ സർവീസ് നടത്തിപ്പുകാരും. ലാഭം പ്രതീക്ഷിക്കാതെ സേവന സന്നദ്ധതയോടെയും സംഭാവനയിലൂടെയും വായ്പ്പയായും ഫണ്ട് സമാഹരിച്ചും വാഹനം വാങ്ങി ഓട്ടം തുടങ്ങിയതാണ് പലരും. റോഡിന്റെ ശോചനീയാവസ്ഥയും എണ്ണ വിലയിൽ അടിക്കടി ഉണ്ടാകുന്ന വർധനവും കൊണ്ട് വീർപ്പ് മുട്ടി കഴിയുന്ന സർവീസ് ലാഭത്തിലല്ലെങ്കിലും കാര്യങ്ങൾ നടത്തി ഒരു വണ്ടിയിൽ രണ്ടോ മൂന്നോ പേർക്ക് പാർടൈം ആയും ജോലി ലഭ്യമാക്കാനും കഴിഞ്ഞിരുന്നു. ഓരോ ചെറുതും വലുതുമായ ടൗണുകൾ കേന്ദ്രീകരിച്ചു നൂറ്റമ്പതോളം വാഹനങ്ങൾ സർവീസ് നടത്തിപ്പോരുന്നതിൽ അയ്യായിരത്തിലധികം കുടുംബങ്ങളുടെ ജീവിതോപാധിയും പ്രതിസന്ധിയിലാണ്.
രാവിലെ ആറുമണി മുതൽ രാത്രി ഏഴു മണി വരെ നടത്തി പോന്നിരുന്ന സർവീസ് വളരെ പെട്ടെന്ന് പുനഃസ്ഥാപിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഭാരവാഹികൾ. കഴിഞ്ഞ വർഷത്തെ രജിസ്റ്റർ ഫീസും ഇൻഷുറൻസും വാലിഡിറ്റിയും മുൻകാല പ്രാബല്യത്തോടെ ദീർഘിപ്പിക്കണമെന്ന് ജനകീയ ജനകീയ ജീപ്പ് സർവീസുകാർ ആവശ്യപ്പെട്ടു.