വിതുര: ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മലയോരമേഖലയിൽ വീണ്ടും കൊവിഡിന്റെ താണ്ഡവം. ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും പഞ്ചായത്തുകളുടേയും നേതൃത്വത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും മിക്ക പഞ്ചായത്തുകളിലും കൊവിഡ് പിൻമാറുന്നില്ല. വിതുര, തൊളിക്കോട്, ആര്യനാട്, നന്ദിയോട് പഞ്ചായത്തുകളിലാണ് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നുത്. ഇപ്പോൾ ആദിവാസിമേഖലകളിലാണ് കൊവിഡ് കൂടുതൽ നടമാടുന്നത്. രണ്ടാഴ്ച മുൻപ് വരെ അരുവിക്കര നിയോജകമണ്ഡലത്തിലെ വിതുര, തൊളിക്കോട്, ആര്യനാട്, ഉഴമലയ്ക്കൽ, പൂവച്ചൽ, കുറ്റിച്ചൽ, അരുവിക്കര, വെള്ളനാട്, എന്നീ എട്ട് പഞ്ചായത്തുകളിലും കൊവിഡിന്റെ താണ്ഡവമായിരുന്നു. ഒരു മാസത്തിനിടയിൽ എട്ട് പഞ്ചായത്തുകളിലുമായി അയ്യായിരത്തിൽ പരം പേർക്ക് കൊവിഡ് പിടികൂടിയിരുന്നു. രോഗബാധയെ തുടർന്ന് ഇരുനൂറിൽ പരം പേർ മരണപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ശക്തമായ പ്രതിരോധപ്രവർത്തനങ്ങളെ തുടർന്ന് കഴിഞ്ഞ ആഴ്ച കൊവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞിരുന്നു. രോഗികളുടെ എണ്ണം അഞ്ഞുറായി താഴ്ന്നു. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ മാറി. മിക്ക പഞ്ചായത്തുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു തന്നെ നിൽക്കുകയാണ്.
ദിവസങ്ങൾ പിന്നിടും തോറും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു
പഞ്ചായത്തിൽ 17 വാർഡുകളിലായി ആയിരത്തിൽ പരം പേർക്ക് കൊവിഡ് പിടികൂടി
രോഗം മുഴുവൻ വാർഡുകളിലേക്കും വ്യാപിച്ചു
രണ്ടാഴ്ച മുൻപ് രോഗികളുടെ എണ്ണം 32 ആയി കുറഞ്ഞു
ഒറ്റ ആഴ്ചകൊണ്ട് രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു
രോഗം തടയാൻ പ്രതിരോധം
വിതുര, തൊളിക്കോട്, ആര്യനാട്, നന്ദിയോട് പഞ്ചായത്തുകളിലാണ് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. ആരോഗ്യപ്രവർത്തകരേയും പൊലീസിനേയും ആദിവാസികളേയും തോട്ടം തൊഴിലാളികളേയും വരെ കൊവിഡ് കീഴടക്കി. കൊവിഡ് ബാധിച്ച് 20 പേർ മരിച്ചു. മുഴുവൻ വാർഡുകളും ഹോട്ട് സ്പോട്ടുകളായി മാറി. വിതുര പഞ്ചായത്തിൽ ഇപ്പോൾ കൊവിഡ് ബാധിച്ച് 202 പേർ ചികിത്സയിൽ കഴിയുകയാണ്. തൊളിക്കോട് പഞ്ചായത്തിലും നൂറോളം പേർ ചികിത്സയിലുണ്ട്.
ഇവിടെ ട്രൈബൽ ഡിപ്പാർട്ട് മെന്റിന്റെ നേതൃത്വത്തിലും പ്രതിരോധപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് ആരോഗ്യവകുപ്പ് മേധാവികൾ വ്യക്തമാക്കുന്നത്. കൊവിഡിന്റെ താണ്ഡവത്തിന് തടിയുന്നതിനായി ശക്തമായ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജും വൈസ്പ്രസിഡന്റ് മഞ്ജുഷാആനന്ദും അറിയിച്ചു.
രോഗികളുടെ എണ്ണം
പൊടിയക്കാല- ആദിവാസി മേഖല- 42
പന്നിക്കുഴി-10
മണലി-8
നടപടികൾ സ്വീകരിക്കണം
ആദിവാസിമേഖലകളിൽ വർദ്ധിച്ചുവരുന്ന കൊവിഡ് വ്യാപനം തടയുന്നതിനായി ശക്തമായ പ്രതിരോധപ്രവർത്തനങ്ങൾ നടത്തണം. ആദിവാസികൾക്ക് സൗജന്യറേഷനും, ചികിത്സാസഹായവും വിതരണം നടത്തണം.
മോഹനൻ ത്രിവേണി,
സംസ്ഥാന പ്രസിഡന്റ്,
ആദിവാസി മഹാസഭ.