മട്ടന്നൂർ: കനത്ത മഴയിൽ തകർന്ന കാരയിലെ പഴശ്ശി ജലസേചന പദ്ധതിയുടെ പ്രധാന കനാലിന്റെയും റോഡിന്റെയും പുനർനിർമ്മാണ പ്രവൃത്തി പൂർത്തിയാകുന്നു. കലുങ്ക് പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. കനാലിന്റെയും റോഡിന്റയും നിർമ്മാണം ഏറെക്കുറെ പൂർത്തിയായി. മണ്ണിട്ട് ഉയർത്തിയ റോഡിലൂടെ ചെറിയ വാഹനങ്ങൾ സഞ്ചരിക്കാൻ തുടങ്ങിയിട്ടുണ്ട്.
2019 ഓഗസ്റ്റിലാണ് പ്രളയത്തിൽ പഴശ്ശി ജലസേചന പദ്ധതിയുടെ പ്രധാന കനാൽ തകരുകയും റോഡ് നെടുകെ പിളരുകയും ചെയ്തത്. വളയാൽ കനാൽ റോഡിൽ കാരയിലാണ് റോഡിന്റെ മദ്ധ്യഭാഗം തകർന്ന് ഒഴുകിപ്പോയത്. റോഡ് രണ്ടായി പിളർന്നതോടെ ഇത് വഴിയുള്ള ഗതാഗതം നിലച്ചു. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു കോടി രൂപയാണ് പ്രവൃത്തിക്ക് സർക്കാർ അനുവദിച്ചത്.
മഴ കനത്തതോടെ പണി കുറച്ചു ദിവസം നിർത്തിവച്ചിരുന്നു. കലുങ്കിന്റെയും റോഡിന്റെയും പ്രവൃത്തിയാണ് ഇനി പൂർത്തിയാക്കാനുള്ളത്. മണ്ണിട്ട് ഉയർത്തിയ റോഡിലൂടെയുള്ള ഗതാഗതം മഴ ശക്തമാകുന്നതോടെ ദുഷ്‌കരമാകും. കീഴല്ലൂർ, തെളുപ്പ്, വേങ്ങാട്, അഞ്ചരക്കണ്ടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇതുവഴിയാണ് വാഹനങ്ങൾ കടന്നു പോകുന്നത്. വെങ്ങലോട്, തെളുപ്പ് ഭാഗങ്ങളിലുള്ളവർ കനാൽ റോഡ് തകർന്നതോടെ ഒറ്റപ്പെട്ട നിലയിലായിരുന്നു. രണ്ടു വർഷം മുമ്പ് മഴയിൽ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞതിനെ തുടർന്ന് റോഡിലൂടെ വലിയ വാഹനങ്ങൾ പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. റോഡ് പുനരുദ്ധാരണത്തിന് 50 ലക്ഷം രൂപയ്ക്ക് ടെൻഡർ നൽകി നിർമ്മാണം തുടങ്ങാനിരിക്കെയാണ് റോഡ് പൂർണമായും തകർന്ന് ഒഴുകിപ്പോയത്.