തിരുവനന്തപുരം: ബിയറും വൈനും മാത്രം പാഴ്സലായി വില്പന നടത്തിക്കൊണ്ട് ബാറുകൾ തുറന്നു. മറ്റ് മദ്യങ്ങൾ നൽകില്ല. ബിവറേജസ് കോർപറേഷൻ മദ്യത്തിന്റെ ലാഭവിഹിതം കൂട്ടിയതിൽ പ്രതിഷേധിച്ച് ഒരാഴ്ചയായി ബാറുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. മദ്യത്തിന്റെ വെയർഹൗസ് മാർജിൻ 8 ശതമാനത്തിൽനിന്ന് കൺസ്യൂമർ ഫെഡിന് 20 ശതമാനവും ബാറുകൾക്ക് 25 ശതമാനവുമായാണ് ഉയർത്തിയത്. ബിയറിന്റെയും വൈനിന്റെയും വെയർഹൗസ് മാർജിൻ വർദ്ധിപ്പിച്ചിരുന്നില്ല.
ബെവ്‌കോ നിരക്കിൽ ബാറുകളിൽ നിന്ന് മദ്യം പാഴ്‌സൽ നൽകുന്നത് നഷ്ടമാണെന്നും എം.ആർ.പി നിരക്ക് വർദ്ധിപ്പിക്കണമെന്നും ബാറുടമകളുടെ സംഘടനയായ ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ നികുതി സെക്രട്ടറിയുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. സ്റ്റോക്കുള്ള ബിയറിന്റെയും വൈനിന്റെയും കാലാവധി അവസാനിക്കാറായതിനാൽ ഇവ ഉപയോഗശൂന്യമാകും. ഈ സാഹചര്യത്തിലാണ് ബിയറും വൈനും മാത്രം വിൽക്കാൻ ബാറുടമകൾ തീരുമാനിച്ചത്.