കിളിമാനൂർ: കൊവിഡ് കാലഘട്ടത്തിൽ ഗവൺമെന്റ് പിടിച്ചു വച്ച ശമ്പളം അഞ്ച് ഗഡുക്കളായി തിരികെ നൽകുന്നതിൽ ഒരു വിഹിതം സ്കൂളിലെ നിർദ്ധനരായ കുട്ടികൾക്ക് പഠനോപകരണങ്ങളും മൊബൈൽ ഫോണുകളും വീട്ടുസാധങ്ങളും വാങ്ങി നൽകി ആർ.ആർ.വി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റാഫുകൾ മാതൃകയായി. മൊബൈൽ ഫോണുകൾ ഇല്ലാത്ത 25 കുട്ടികൾക്കാണ് ആർ.ആർ.വി ഗേൾസിലെ സ്റ്റാഫുകൾ മൊബൈൽ വാങ്ങി നൽകിയത്. അതോടൊപ്പം സാമ്പത്തികാമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളുടെ വീടുകളിലേക്ക് പച്ചക്കറികളും പലവ്യഞ്ജനകളും പാഠപുസ്‌തകങ്ങളും നൽകി. രോഗബാധിതരായ രക്ഷകർത്താക്കൾക്ക് മരുന്നുകൾ സൗജന്യമായി വാങ്ങി നൽകുന്ന പദ്ധതിയും ഉദ്ഘാടനം ചെയ്തു. കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജി.ജി. ഗിരി കൃഷ്ണൻ, വാർഡ് മെമ്പർ മോഹൻകുമാർ, പ്രിൻസിപ്പൽ അസിതാ നാഥ്‌.ജി.ആർ ,വൈസ് പ്രിൻസിപ്പൽ ജ്യോതി.എസ്, പി.ടി.എ പ്രസിഡന്റ് ജി.കെ. വിജയകുമാർ എന്നിവർ പങ്കെടുത്തു.