പാലോട്: ബെവ് കോ വഴി മദ്യവില്പനശാലകൾ തുറന്നെങ്കിലും മലയോരത്തെ വ്യാജമദ്യ വില്പനക്കും നിർമ്മാണത്തിനും യാതൊരു കുറവും വന്നിട്ടില്ല. വ്യാജമദ്യ നിർമ്മാണ സ്ഥലത്തു നിന്നും ലിറ്ററുകണക്കിന് മദ്യമാണ് വിറ്റഴിക്കുന്നത്. ഉൾവനമേഖലയിലാണ് വാറ്റു സംഘങ്ങൾ തമ്പടിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ സമയത്ത് എക്സൈസ് കണ്ടെത്തി നശിപ്പിച്ചത് പതിനായിരം ലിറ്ററിലധികം കോടയാണ്. പിടികൂടിയ ചാരായമാകട്ടെ 130 ലിറ്ററിനുള്ളിലാണ്. പെരിങ്ങമ്മല, നന്ദിയോട്, പാങ്ങോട് പഞ്ചായത്തുകളിലെ ഉൾ വനപ്രദേശങ്ങളിൽ വാറ്റി ഗ്രാമപ്രദേശങ്ങളിലെ ഒഴിഞ്ഞ വീടുകളിലും ജനവാസം തീരെ കുറഞ്ഞ പ്രദേശങ്ങളിലുമാണ് വില്പന നടത്തുന്നത്. ചെളിയും വെള്ളകെട്ടും നിറഞ്ഞ പ്രദേശങ്ങളിലൂടെ നടന്നു വേണം വാറ്റു കേന്ദ്രങ്ങളിലെത്താൻ. വാഹനമുപേക്ഷിച്ച് എക്സൈസ് സംഘം വാറ്റു കേന്ദ്രത്തിലെത്തുമ്പോൾ വാറ്റുകാർ കിട്ടിയ ചാരായവുമായി കടന്നിട്ടുണ്ടാകും. പിന്നെ കിട്ടുന്നത് വാറ്റുപകരണങ്ങൾ മാത്രമാണ്. പിന്നെയുള്ളത് കോടയാണ്. ഇത് ഒഴുക്കിക്കളയുകയാണ് പതിവ്. നേരത്തേ പറഞ്ഞ് ഉറപ്പിച്ച് വച്ചവർക്ക് മാത്രമേ ചാരായം ലഭിക്കുകയുള്ളൂ. 2000 രൂപ വരെ വിലയുണ്ടായിരുന്ന മദ്യത്തിന് 1500 വരെ വില കുറഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകളിലാക്കി സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘമാണ് ചാരായം വില്ക്കാനെത്തുന്നത് .ഒന്നോ രണ്ടോ തവണ മാത്രമാണ് ഒരു സ്ഥലത്ത് വാറ്റുന്നത്. അതു കഴിഞ്ഞാൽ പുതിയ സ്ഥലം കണ്ടെത്തും. എക്സൈസ്, പൊലീസ് പരിശോധനയെ കുറിച്ച് മുൻകൂട്ടി കണ്ടെത്താനുള്ള കഴിവ് ഇവർക്കുണ്ട്. അതുകൊണ്ടുതന്നെ പലപ്പോഴും ഇവർ രക്ഷപ്പെടാറാണ് പതിവ്. എക്സൈസ്, പൊലീസ്, വനപാലകർ എന്നിവരുടെ സംയുക്ത പരിശോധനയിൽ കൂടി മാത്രമേ വ്യാജമദ്യ നിർമ്മാണത്തിന് അറുതി വരുത്താൻ കഴിയുകയുള്ളൂ എന്നാണ് നാട്ടുകാരുടെ അഭിപ്രായം.