നാഗർകോവിൽ: കഞ്ചാവ് മാഫിയകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ടുപേർ കൊല്ലപ്പെട്ടതിന് പിന്നാലെ കന്യാകുമാരി ജില്ലയിൽ പൊലീസ് കഞ്ചാവ് വേട്ട ആരംഭിച്ചു. നാല് ദിവസത്തിനിടെ വില്പനക്കാരായ 25 പേരെ സ്പെഷ്യൽ ടീം പൊലീസ് പിടികൂടി. ഇന്നലെ മാത്രം 14 പേരെയാണ് അറസ്റ്റുചെയ്‌തത്. ഇവരിൽ നിന്ന് 1 കിലോയിലധികം കഞ്ചാവും പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നേതൃത്വത്തിൽ എട്ട് സ്പെഷ്യൽ ടീമുകളെയാണ് ഇതിനായി നിയോഗിച്ചത്. ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലെയും കഞ്ചാവ് വില്പനക്കാരുടെ പട്ടിക തയ്യാറാക്കിയാണ് അന്വേഷണം നടത്തുന്നത്. ജില്ലയിൽ വാഹനപരിശോധനയും കർശനമാക്കി.
കേരളത്തിലേക്ക്
കഞ്ചാവ് കടത്ത്
കന്യാകുമാരിയിൽ പൊലീസ് പരിശോധന ആരംഭിച്ചതിന് പിന്നാലെ അതിർത്തി ഗ്രാമങ്ങൾ വഴി കേരളത്തിലേക്ക് കഞ്ചാവ് മാറ്റുകയാണെന്ന് പൊലീസ് പറഞ്ഞു. അതിർത്തിയിലെ ചെക്ക്പോസ്റ്റുകളിലും പൊലീസ് കർശന പരിശോധന ആരംഭിച്ചിട്ടുണ്ട്. ഈ വർഷം അണ്ടുകോടിൽ നിന്ന് 210 കിലോ കഞ്ചാവും മേല്പാലയിൽ വച്ച് 230 കിലോ കഞ്ചാവും പിടികൂടിയിരുന്നു.