mla-2

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നവീകരിച്ച വിദ്യാർത്ഥി സൗഹൃദ ക്ലാസ് മുറികളുടെ ഉദ്ഘാടനവും പഠനോപകരണങ്ങളുടെ വിതരണവും കെ. ആൻസലൻ എം.എൽ.എ നിർവഹിച്ചു. യു.പി വിഭാഗത്തിലെ ആറു ക്ലാസ് മുറികളിലെ ചുമരുകളിൽ ചിത്രങ്ങൾ വരച്ചും ആധുനിക ഫർണിച്ചറുകളുമൊക്കെയായി കുട്ടികളെ വരവേൽക്കാൻ പാകത്തിലുള്ള ക്ലാസ് മുറികൾ ടെക്‌നോപാർക്കിലെ ക്യു ബർസ്റ്റ് ടെക്നോളോജിസ് കമ്പനിയുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ചാണ് നവീകരിച്ചത്. ഹൈസ്കൂൾ അദ്ധ്യാപകർ സ്വരൂപിച്ച 7 മൊബൈൽ ഫോണുകൾ ഡിജിറ്റൽ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് കൈമാറി. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ സമാഹരിച്ച നോട്ട് ബുക്കുകളും വിതരണം ചെയ്തു. മുനിസിപ്പൽ ചെയർമാൻ പി.കെ രാജ്‌മോഹൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഡോ. സാദത്ത്, ഡി.ഇ.ഒ സുനിൽകുമാർ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ ഷിബു, വാർഡ് കൗൺസിലർ മഞ്ചത്തല സുരേഷ്, പി.ടി.എ പ്രസിഡന്റ് മധുകുമാരൻ നായർ, പ്രിൻസിപ്പൽ ജോയ് ജോൺസ്‌, ഹെഡ് മിസ്ട്രസ് കല എന്നിവർ പങ്കെടുത്തു.

caption: നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നവീകരിച്ച വിദ്യാർത്ഥി സൗഹൃദ ക്ലാസ് മുറികളുടെ ഉദ്ഘാടനം കെ. ആൻസലൻ എം.എൽ.എ നിർവഹിക്കുന്നു.