pic1

നാഗർകോവിൽ: പഴമ നിലനിർത്തി ഇരണിയൽ കൊട്ടാരത്തിന്റെ പണികൾ പൂർത്തിയാക്കുമെന്ന് മന്ത്രി മനോതങ്കരാജ്‌ മാദ്ധ്യമങ്ങളോട് പറഞ്ഞു. ചെങ്കൽ, തേക്കിൻ തടി, ആറ്റുമണൽ തുടങ്ങിയവ എത്തിച്ചു പണികൾ തുടങ്ങിയതായും ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

2014 ൽ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത 3.85 കോടി രൂപ നവീകരണത്തിനായി അനുവദിച്ചെങ്കിലും അധികൃതരുടെ അനാസ്ഥ കാരണം നവീകരണം വൈകി. എന്നാൽ കഴിഞ്ഞ എ.ഡി.എം.കെ ഭരണത്തിൽ എടപാടി പളനിസാമി കൊട്ടാരം നവീകരണ പണികൾ ഔദ്യോഗികമായി തുടങ്ങിവച്ചു. അന്ന് മധുര ഹൈ കോടതി കൊട്ടാരം നവീകരണപ്പണികൾ ഉടൻ ആരംഭിക്കണമെന്ന് ഉത്തരവിട്ടത്തിനെ തുടർന്നാണ് പണികൾ തമിഴ്നാട് ദേവസ്വം ബോർഡ് തുടങ്ങിയത്. കഴിഞ്ഞ വർഷം നവീകരണം ആരംഭിച്ചെങ്കിലും കൊവിഡ് മൂലം പണികൾ വീണ്ടും ഇഴഞ്ഞു. എന്നാൽ ഇപ്പോൾ കുളച്ചൽ എം.എൽ.എ പ്രിൻസ്, ദേവസ്വം മന്ത്രി ശേഖർ ബാബുവിന്റെയും മന്ത്രി മനോതാങ്കരാജിന്റെയും ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് വീണ്ടും പണികൾ പുരോഗമിച്ചത്. ഇപ്പോൾ അഞ്ചുപേരെ വച്ചാണ് പണികൾ നടത്തുന്നത്.

ചരിത്രം

എട്ടാം നൂറ്റാണ്ടിൽ ചേരരാജാക്കന്മാർ പണിതതായി പറയപ്പെടുന്ന കൊട്ടാരം മാർത്താണ്ഡ വർമ്മയുടെ കാലംവരെ ഭരണകേന്ദ്രമായി തുടർന്നിരുന്നു. പദ്മനാഭപുരം കൊട്ടാരത്തിന്റെ 5കിലോമീറ്റർ അകലെയുള്ള ഇരണിയൽ കൊട്ടാരത്തിലാണ് വേലുത്തമ്പി ദളവ നാട്ടുകൂട്ടം നടത്തി പ്രക്ഷോഭങ്ങൾ ആസൂത്രണം ചെയ്തത്. നാലുക്കെട്ട് മാതൃകയിലുള്ള കൊട്ടാരത്തിന്റെ പിറകിലുള്ള വസ്‌തുമണ്ഡപത്തിൽ ചേരമാൻ പെരുമാൾ ഉപയോഗിച്ചതായി കരുതുന്ന ഒറ്റക്കാൽ കിടക്ക ഇപ്പോഴും അവശേഷിക്കുന്നു.