വർക്കല: ശിവഗിരി ഹയർസെക്കൻഡറി സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനമൊരുക്കി കൊണ്ടുള്ള സമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനം നഗരസഭ ചെയർമാൻ കെ.എം. ലാജി നിർവഹിച്ചു. എല്ലാ കുട്ടികൾക്കും ഡിജിറ്രൽ സാങ്കേതിക പഠനസൗകര്യം ഉറപ്പാക്കിയ വർക്കല വിദ്യാഭ്യാസ ഉപജില്ലയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സ്കൂളായി ശിവഗിരി ഹയർസെക്കൻഡറി സ്കൂൾ മാറി. പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഓർമ്മച്ചെപ്പ് സൗഹൃദ കൂട്ടായ്മ നൽകിയ എട്ട് മൊബൈൽ ഫോണുകളും സ്കൂളിലെ അദ്ധ്യാപകർ നൽകിയ 23 മൊബൈൽ ഫോണുകളും രണ്ട് ഘട്ടങ്ങളായി അർഹരായ വിദ്യാർത്ഥികൾക്ക് നൽകിയാണ് ശിവഗിരി സ്കൂൾ ഈ നേട്ടം കൈവരിച്ചത്. പി.ടി.എയുടെ വകയായും ഓൺലൈൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപന ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് സ്കൂൾസിന്റെ മാനേജർ സ്വാമി വിശാലാനന്ദ അദ്ധ്യക്ഷത വഹിച്ചു. എൻ. ജയൻ, എസ്. ഷിബു, എസ്. സുനിൽ, ഡി. ബിനിദാസ്, അഖിൽ പി.പാനാപ്പള്ളിൽ, ശ്രീഷാക്കുട്ടി, എൻ.എസ്. ബീന, പ്രിൻസിപ്പൽ ഒ.പി. കവിത തുടങ്ങിയവർ പങ്കെടുത്തു. ഹെഡ്മാസ്റ്റർ എസ്. സജീവ് സ്വാഗതം പറഞ്ഞു.