തിരുവനന്തപുരം: വിവാദമായ മരംമുറിക്കൽ അന്വേഷിക്കാൻ വനംവകുപ്പ് നിയോഗിച്ച വനം വിജിലൻസ് സംഘത്തിന്റെ റിപ്പോർട്ട് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഉന്നതല അന്വേഷണ സംഘത്തിന് കൈമാറും. മരം മുറിക്കലിന് ഒത്താശ ചെയ്ത റവന്യു, വനം ഉദ്യോഗസ്ഥരെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമുള്ളതിനാൽ ഇവർ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാനാണ് റിപ്പോർട്ട് കൈമാറുന്നത്.
മരങ്ങൾ മുറിയ്ക്കാൻ പൊസഷൻ സർട്ടിഫിക്കറ്റ് നൽകിയ റവന്യു ഉദ്യോഗസ്ഥർ, റവന്യു വകുപ്പ് ഉത്തരവ് റദ്ദാക്കിയ ശേഷവും തടി നീക്കാൻ പാസ് അനുവദിച്ച ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ, തടികടത്തുന്ന വിവരം ലഭിച്ചിട്ടും മതിയായ പരിശോധന നടത്താത്തവർ തുടങ്ങി വിവിധ വിഭാഗങ്ങളിലായി വീഴ്‌ച വരുത്തിയവരുടെ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്.
ഇവരുടെ വഴിവിട്ട നീക്കത്തിന് പിന്നിൽ കൈക്കൂലി, അഴിമതി എന്നിവ നടന്നിട്ടുണ്ടോ എന്നകാര്യം പരിശോധിച്ച ശേഷമാകും അന്തിമ നടപടി ഉണ്ടാവുക. കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മുറിച്ചത്. ഇതിൽ കുറെയേറെ കണ്ടെത്തിയെങ്കിലും ശേഷിക്കുന്നവ തിരിച്ചുപിടിക്കാനായിട്ടില്ല.
സർക്കാരിനുണ്ടായ സാമ്പത്തിക നഷ്ടവും ഉദ്യോഗസ്ഥരുടെ പങ്കുമാണ് വനം വിജിലൻസ് സംഘം അന്വേഷിച്ചത്.
അന്വേഷണ റിപ്പോർട്ട് വനം മന്ത്രി എ.കെ.ശശീന്ദ്രന് ഇന്നലെ കൈമാറി. മരംമുറിക്കലിന് പിന്നിലെ ഗൂഢാലോചന, അഴിമതി ഉൾപ്പെടെയുള്ള സമഗ്രമായ അന്വേഷണമാണ് ഉന്നതതല സംഘം നടത്തുന്നത്.
വനം വിജിലൻസ് അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായതിനാൽ പണമിടപാട് നടന്നിട്ടുണ്ടോ എന്നുപരിശോധിക്കാൻ ലഭിച്ച റിപ്പോർട്ട് ഉന്നത തല അന്വേഷണവുമായി യോജിപ്പിക്കും.
-മന്ത്രി എ.കെ.ശശീന്ദ്രൻ