തിരുവനന്തപുരം: രണ്ട് ഡി.ജി.പിമാരടക്കം 18 പൊലീസ്, ഐ.ബി ഉദ്യോഗസ്ഥർ പ്രതികളായ ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയുടെ ചുരുളഴിക്കാൻ സി.ബി.ഐയിലെ പുലിക്കുട്ടി ചാൽക്കെ സന്തോഷ്‌കുമാർ എത്തുന്നു. ഡൽഹിയിലെ സ്പെഷ്യൽ ക്രൈം യൂണിറ്റിൽ ഡി.ഐ.ജിയായ സന്തോഷിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി സൂപ്രണ്ട് അരുൺറാവത്തും ആറ് ഉദ്യോഗസ്ഥരുമാവും കേസന്വേഷിക്കുക. റാവത്തും സംഘവും ഇന്നലെ തിരുവനന്തപുരത്തെത്തി. 2004 ബാച്ച് രാജസ്ഥാൻ കേഡർ ഉദ്യോഗസ്ഥനായ സന്തോഷ് ഇന്നെത്തും. തിരുവനന്തപുരം സി.ബി.ഐ ഓഫീസാണ് ക്യാമ്പ്. നമ്പിനാരായണന്റെ മൊഴിയെടുത്താവും അന്വേഷണമാരംഭിക്കുക. പ്രതികൾക്കെല്ലാം ഉടൻ നോട്ടീസയയ്ക്കുമെന്ന് സി.ബി.ഐ വ്യക്തമാക്കി. അന്വേഷണം മാലെദ്വീപിലേക്കും നീളും.
പൊലീസിലെയും ഇന്റലിജൻസ് ബ്യൂറോയിലെയും ഉന്നതഉദ്യോഗസ്ഥർ പ്രതികളായ 27വർഷം മുൻപുള്ള ഗൂഢാലോചനയാണ് സി.ബി.ഐയ്ക്ക് തെളിയിക്കേണ്ടത്. ചാരക്കേസ് കെട്ടിച്ചമച്ചതിനുള്ള കാരണവും കണ്ടെത്തണം. ഇന്ത്യ ക്രയോജനിക് സാങ്കേതികവിദ്യ കൈവരിക്കുന്നത് തടയാനുള്ള ശ്രമമാണോ നടന്നതെന്നാണ് പരിശോധിക്കുന്നത്.