തിരുവനന്തപുരം: കൊവിഡ്കാലത്ത് ബി.ടെക് പരീക്ഷ നടത്താനുള്ള സാങ്കേതിക സർവകലാശാലയുടെ തീരുമാനം അന്യസംസ്ഥാനത്ത് നിന്നുള്ള വിദ്യാർത്ഥികളെ വിഷമിപ്പിക്കുന്നു. എട്ടാം സെമസ്റ്റർ പരീക്ഷ ഓൺലൈനിൽ നടത്തുമ്പോൾ ഒന്ന്, മൂന്ന് സെമസ്റ്റർ പരീക്ഷകൾ കോളേജുകളിൽ നേരിട്ട് നടത്താനാണ് തീരുമാനം. ജമ്മുകാശ്മീർ മുതലുള്ള വിദ്യാർത്ഥികൾ സംസ്ഥാനത്തെ വിവിധ എൻജിനിയറിംഗ് കോളേജുകളിൽ പഠിക്കുന്നുണ്ട്. ലോക്ക്ഡൗൺ കാലത്ത് കോളേജുകളിലെത്താനാവില്ലെന്നും എട്ടാം സെമസ്റ്റർ പോലെ മറ്റ് പരീക്ഷകളും ഓൺലൈനായി നടത്തണമെന്നുമാണ് ഇവർ പറയുന്നത്. വാക്സിൻ എടുത്തിട്ടില്ലാത്തതും യാത്ര ചെയ്യുന്നതിന്റെ ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടുന്നു.
ജൂലായ് 9 നാണ് ഒന്നാം സെമസ്റ്റർ പരീക്ഷ തുടങ്ങുന്നത്. 13 ന് മൂന്നാം സെമസ്റ്ററും. എട്ടാം സെമസ്റ്റർ ഓൺലൈൻ പരീക്ഷ തുടങ്ങുന്നത് അതത് കോളേജുകൾക്ക് തീരുമാനിക്കാം.
''എട്ടാം സെമസ്റ്റർ അവസാന വർഷ പരീക്ഷയായതിനാലാണ് ഓൺലൈനിലൂടെ നടത്തുന്നത്. ഒന്നും മൂന്നും സെമസ്റ്ററുകളിൽ മാറ്റം വരുത്തുന്നതിനെപ്പറ്റി തീരുമാനിച്ചിട്ടില്ല. വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
പ്രവീൺ.എ
രജിസ്ട്രാർ
സാങ്കേതിക സർവകലാശാല