640 അടിയിലേറെ വലിപ്പമുള്ള കൂറ്റൻ അന്തർവാഹിനിയായ ' ബെൽഗൊറോഡിനെ " ഒദ്യോഗികമായി കമ്മിഷൻ ചെയ്യൻ റഷ്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഓസ്കാർ II ക്ലാസിലുള്ള ബെൽഗൊറോഡിന്റെ പരീക്ഷണങ്ങൾ 2019 ഏപ്രിലിൽ റഷ്യ ആരംഭിച്ചിരുന്നു. വിമാനവാഹിനി കപ്പലുകളെ നിഷ്പ്രയാസം മുക്കാൻ ശേഷിയുള്ള ബെൽഗൊറോഡിനെ ' സിറ്റി കില്ലർ " എന്നാണ് വിശേഷിപ്പിക്കുന്നത്.
റഷ്യൻ നാവികസേനയുടെ നേതൃത്വത്തിൽ ടോർപിഡോകളുടെ ഉൾപ്പെടെ ഗവേഷണങ്ങൾ നടത്തിവന്ന ബെൽഗൊറോഡിനെ കഴിഞ്ഞ വെള്ളിയാഴ്ച ആദ്യമായി തുറന്ന കടലിലേക്കിറക്കിയിരുന്നു. റഷ്യൻ നേവിയുടെ ഭാഗമാകുന്നതിന് മുന്നോടിയായുള്ള ബെൽഗൊറോഡിന്റെ നിർണായക പരീക്ഷണങ്ങളുടെ തുടക്കമാണിത്.
കഴിഞ്ഞ 30 വർഷത്തിനിടെ റഷ്യ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ അന്തർവാഹിനിയാണ് ' ബെൽഗൊറോഡ് " എന്നാണ് കരുതുന്നത്. അതിർത്തി ലംഘിച്ചതിന് കരിങ്കടലിൽ ബ്രിട്ടീഷ് റോയല്‍ നേവിയുടെ യുദ്ധക്കപ്പലായ എച്ച്.എം.എസ് ഡിഫൻഡറിന് നേരെ റഷ്യ മുന്നറിയിപ്പായി നിറയൊഴിച്ചതിന് പിന്നാലെ റഷ്യൻ നാവികസേന തങ്ങളുടെ നാവികശക്തി സജ്ജമാക്കിയിരുന്നു.
സമുദ്രാതിർത്തി ലംഘിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ ബ്രിട്ടീഷ് നാവികസേനയുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ നീക്കമുണ്ടായാൽ കടുത്ത തിരിച്ചടി നല്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകിയിരുന്നു. ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ ബോംബിട്ട് തകര്‍ക്കാനും മടിക്കില്ലെന്ന റഷ്യയുടെ പ്രതികരണം ഇരു രാജ്യങ്ങൾക്കിടെയിലും സംഘർഷ സാദ്ധ്യതയ്ക്ക് ആക്കം കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ബെൽഗൊറോഡിന്റെ പരീക്ഷണങ്ങൾ വാർത്തകളിൽ നിറയുന്നത്.
ഹിരോഷിമയിൽ വർഷിച്ച ബോംബിനെക്കാൾ 130 ഇരട്ടി ശേഷിയുള്ള ആറ് ന്യൂക്ലിയാർ ടോർപിഡോകളെ ഉൾക്കൊള്ളാനുള്ള സൗകര്യമുണ്ട് ബെൽഗൊറോഡിൽ. സമുദ്രത്തിന്റെ അടിത്തട്ടിലുള്ളവയെ നശിപ്പിക്കാൻ ശേഷിയുള്ള ചെറു അന്തർവാഹിനികളെ വഹിക്കാൻ മാത്രം വലിപ്പമുണ്ട് ബെൽഗൊറോഡിന്. അട്ടിമറി, രഹസ്യ നീക്കങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായ തരത്തിലാണ് ബെൽഗൊറോഡിന്റെ നിർമ്മാണം. എല്ലാത്തിനുമുപരി റഷ്യയുടെ വജ്രായുധമായ പോസിഡോൺ ടോർപിഡോകളാണ് ബെൽഗൊറോഡിന് കരുത്തേകുന്നത്.
അതിശക്തമായ പ്രഹര ശേഷിയുള്ള സൈനിക ആയുധങ്ങളുടെ വലിയ നിര റഷ്യ ശേഖരിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 'സൂപ്പർ - വെപ്പൺ" എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്റ്റെൽത്ത് ടോർപ്പിഡോ ആയ 'പോസിഡോൺ 2M39" ലോകത്ത് നിലവിലുള്ളതിൽ വച്ച് ഉഗ്ര ശേഷിയുള്ള ഹൈടെക് ആയുധങ്ങളിലൊന്നായി മാറും.
ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന പോസിഡോൺ ടോർപ്പിഡോകൾക്ക് തീരദേശ മേഖലകളിൽ കനത്ത നാശം വിതയ്ക്കാനുള്ള ശേഷിയുണ്ട്. 'റേഡിയോ ആക്ടീവ് സുനാമി' എന്നാണ് പോസിഡോണിന്റെ പ്രഹര ശേഷിയെ വിശേഷിപ്പിക്കുന്നത്. നാവിക കേന്ദ്രങ്ങൾ, അന്തർ വാഹിനികൾ, തീരദേശ സൈനിക കേന്ദ്രങ്ങൾ തുടങ്ങിയവയെ സുനാമി പോലെ തകർക്കാൻ ശേഷിയുള്ള പോസിഡോണിന് 100 മെഗാടണ്ണോളം ഭാരവാഹക ശേഷിയുണ്ട്. പരീക്ഷണഘട്ടങ്ങളിലുള്ള പോസിഡൊണിനെ വെല്ലുന്ന തരത്തിലൊരു ആയുധം മറ്റൊരു രാജ്യങ്ങളുടെയും പക്കലില്ല. വിമാനവാഹിനി കപ്പലുകളെ പോലും തകർത്തെറിയാൻ ശേഷിയുള്ളതാണ് പോസിഡോൺ.