suresh

തിരുവനന്തപുരം: വെങ്ങാനൂർ ചിറത്തല വിളാകം അർച്ചന നിവാസിൽ അർച്ചന ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി. കട്ടച്ചൽക്കുഴി ചരുവിള സുരേഷ് ഭവനിൽ സുരേഷ്‌കുമാറിനെ (26) ജില്ലാ ക്രൈംബ്രാഞ്ചാണ് അറസ്റ്റുചെയ്‌തത്. ഇന്നലെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. ഗാർഹിക പീഡനം,​ ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്.

ഗാർഹിക പീഡനം കൊണ്ടുണ്ടായ മനോവിഷമത്തിലാണ് അർച്ചന ആത്മഹത്യ ചെയ്‌തതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. 21ന് അർദ്ധ രാത്രിയാണ് അർച്ചന തീപ്പൊള്ളലേറ്റ് മരിച്ചത്. സുരേഷിന്റെ നിരന്തരമായി പീഡനത്തെ തുടർന്നാണ് അർച്ചന ആത്മഹത്യ ചെയ്‌തതെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു. വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്ത സുരേഷിനെ ചോദ്യം ചെയ്‌തതിന് പിന്നാലെ വിട്ടയച്ചതിൽ പ്രതിഷേധം ശക്തമായിരുന്നു.

ഇതിന് പിന്നാലെയാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയത്.

ഡി.സി.പി പി.എ. മുഹമ്മദ് ആരീഫിന്റെ നേതൃത്വത്തിൽ എ.സി.പി ജോൺസൺ ചാൾസ്, എസ്.ഐമാരായ അനിൽകുമാർ, സന്തോഷ്‌കുമാർ, എ.എസ്.ഐ ശ്രീകുമാർ, എസ്.സി.പി.ഒ സുമേഷ്, സി.പി.ഒമാരായ റിനു, ഷംല എന്നിവർ ഉൾപ്പെട്ട പ്രത്യേക സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.