പാറശാല: ആറയൂർ സർവീസ് സഹകരണ ബാങ്ക് യാതൊരു മുന്നറിയിപ്പും കൂടാതെ പിരിച്ചു വിടുകയും ഭരണ സമിതിലെ അംഗങ്ങളെ അയോഗ്യരാക്കുകയും ചെയ്ത നടപടി വൻ പ്രതിഷേധം. നടപടിക്ക് പിന്നിൽ രാഷ്ട്രീയ പ്രേരിതമെന്ന് ഭരണ സമിതി അംഗങ്ങൾ അറിയിച്ചു.

കഴിഞ്ഞ 21 നാണ് ജോയിന്റ് രജിസ്ട്രാർ ബാങ്ക് ഭരണ സമിതിയെ പിരിച്ചുവിട്ടത്. പിന്നീട് രണ്ട് ദിവസത്തിന് ശേഷമാണ് അയോഗ്യരാക്കിയ നോട്ടീസ് അംഗങ്ങൾക്ക് ലഭിക്കുന്നത്. 2013 -18 കാലയളവിൽ മുൻ പ്രസിഡന്റ് ടി.ആർ. ജയന്റെയും (3 വർഷം),ഇപ്പോഴത്തെ വൈ.ആർ. വിൻസെന്റിന്റെയും (2 വർഷം) ഭരണത്തിലെ പ്രവർത്തനങ്ങളാണ് അന്വേഷിച്ചത്. ജപ്തി നടപടികളിലൂടെ കിട്ടാനുള്ളതുക, ദിവസക്കൂലിക്കാർക്ക് നൽകിയ ശമ്പളം, ചിട്ടികളിൽ കുടിശിഖ, നിക്ഷേപകർക്ക് നൽകിയ പലിശ, ചിട്ടി വായ്പകളിലെ നഷ്ടം, ആസ്തിയും ബാദ്ധ്യതയും തമ്മിലുള്ള അന്തരം, എന്നിവയുൾപ്പടെ ആകെ 2, 82,24,880 രൂപ ഭരണ സമിതി അംഗങ്ങൾ, സെക്രട്ടറി, മുൻ സെക്രട്ടറി എന്നിവർ അടക്കണം.

നിലവിലെ അംഗങ്ങൾക്ക് പുറമെ മുൻ സമിതിയിലെ വി. സുന്ദരൻ നാടാർ, ടി.ആർ. ജയൻ, ശോഭനദാസ്, സെക്രട്ടറി പി. മേരി വത്സല, മുൻ സെക്രട്ടറിമാരായ എ. രവീന്ദ്രൻ നായർ, കെ.എസ്.ഗിരിജ എന്നിവർക്ക് സർചാർജ് ചുത്തിയിട്ടുള്ളതെങ്കിലും വി. സുന്ദരൻ നാടാർ, ടി.ആർ. ജയൻ എന്നിവർ മരണപ്പെട്ടതിനാൽ ഇവരുടെ വിഹിതം മറ്റുള്ളവർ അടക്കേണ്ടതാണ്. യാതൊരു സാമ്പത്തിക അഴിമതികളും നടത്താത്ത ഭരണ സമിതിയെ പിരിച്ചുവിട്ടതിനെരെ പ്രതിഷേധം നടത്തുമെന്ന് അംഗങ്ങൾ അറിയിച്ചു.