teacher
teacher

# സർക്കാർ സ്കൂളുകളിൽ 3757 പേർ

# എയ്ഡഡ് മേഖലയിൽ 4000

തിരുവനന്തപുരം: സ്കൂൾ അദ്ധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കും.സർക്കാർ സ്കൂളുകളിൽ 3757 അദ്ധ്യാപകർക്കും എയ്ഡഡ് സ്കൂളുകളിൽ നാലായിരത്തിൽപ്പരം അദ്ധ്യാപകർക്കും നിയമനം കിട്ടും.

മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യാേഗമാണ് തീരുമാനമെടുത്തത്.

കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ നിയമനം ലഭിച്ചിട്ടും

സർവീസിൽ പ്രവേശിക്കാൻ കഴിയാതെ കാത്തിരിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. ഉത്തരവുമായി ബന്ധപ്പെട്ട സ്കൂളുകളിലെത്തിയ ഉദ്യോഗാർത്ഥികളെ നേരിട്ടുള്ള ക്ളാസുകൾ തുടങ്ങാത്തതിനാൽ മടക്കി അയയ്ക്കുകയായിരുന്നു.

40 വയസ് കഴിഞ്ഞവരാണ് പലരും.

ഓരോ അദ്ധ്യയന വർഷവും ആറാമത്തെ പ്രവൃത്തി ദിവസത്തെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് തസ്തികനിർണയം നടത്തുന്നത്. 2020-21 അദ്ധ്യയന വർഷത്തിൽ സ്കൂളുകളിൽ പ്രവൃത്തി ദിവസം ഉണ്ടായില്ല. അതിനാൽ ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്താത്തതും ഉദ്യോഗാർത്ഥികളെ ആശങ്കയിലാഴ്ത്തിയിരുന്നു. കേരള വിദ്യാഭ്യാസ ചട്ടപ്രകാരം പ്രധാനാദ്ധ്യാപകൻ, അനദ്ധ്യാപകർ ഒഴികെയുള്ള നിയമനങ്ങൾ സ്കൂൾ തുറക്കുന്ന മുറയ്ക്ക് മാത്രമേ നടത്താൻ സാധിക്കുകയുള്ളൂവെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.

പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ്, ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിംഗ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടർ ജനറൽ ഒഫ് എഡ്യൂക്കേഷൻ കെ.ജീവൻബാബു തുടങ്ങിയവർ പങ്കെടുത്തു.