ed

വർക്കല:താഴെവെട്ടൂർ പ്രദേശത്ത് വേലിയേറ്റം കാരണം വെള്ളം കയറിയതിനെ തുടർന്ന് പൊലീസും ഫയർഫോഴ്‌സും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി താത്കാലിക തടയണകൾ ഉണ്ടാക്കിയശേഷം പൊഴി മുറിച്ചു. തീരദേശ മേഖലയായ താഴെവെട്ടൂർ ഭാഗത്തെ ജനവാസ മേഖലയിൽ വേലിയേറ്റ സമയങ്ങളിൽ വെള്ളം കയറുന്നത് പതിവാണ്. ഇന്നലെ വൈകിട്ട് 3.30ഓടെ ശക്തമായ തിര ഉയരുകയും പ്രദേശത്ത് കടലിനും ടി.എസ് കനാലിനും ഇടയിലുള്ള ചെറിയ ആറിൽ ക്രമാതീതമായി വെള്ളം കയറുകയും ചെയ്‌തു. തുടർന്നാണ് ആറിന്റെ സമീപത്തുള്ള പുരയിടങ്ങളിൽ വെള്ളം കയറിയത്. നാട്ടുകാർ വിവരം പൊലീസിലും ഫയർഫോഴ്‌സിലും അറിയിക്കുകയായിരുന്നു. വീടുകളിൽ വെള്ളം കയറുന്ന അവസ്‌ഥ ഒഴിവാക്കുന്നതിനായി പഞ്ചായത്ത് അധികൃതർ തന്നെ പൊഴി മുറിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. പുരയിടങ്ങളിൽ വെള്ളം കയറുന്നത് ഒഴിവാക്കാൻ ജെ.സി. ബി ഉപയോഗിച്ച് താത്കാലിക തടയണകളും നിർമ്മിച്ചു.

എം.എൽ.എ ഫണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ തടയണ നിർമ്മാണത്തിനായി നൽകിയിട്ടുണ്ടെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. തടയണ നിർമ്മാണത്തിനാവശ്യമായ സാമഗ്രികളെത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യമില്ലാത്തതിനാൽ കരാർ ഏറ്റെടുക്കൻ ആരും മുന്നോട്ട് വന്നിട്ടില്ലെന്നതാണ് പഞ്ചായത്ത് നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽലാൽ അറിയിച്ചു. അടിയന്തരമായി കരാർ നടപടികൾ പൂർത്തീകരിക്കുമെന്നും ഈ വർഷം തന്നെ നിർമ്മാണം തുടങ്ങുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.