joni

പാറശാല: റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയും സുഹൃത്തുമായ പ്രദേശവാസി അറസ്റ്റിലായി. ചെങ്കൽ വട്ടവിള അശ്വതി ഭവനിൽ ജോണിയാണ് (51) അറസ്റ്റിലായത്. ചെങ്കൽ വട്ടവിള കീഴ്ക്കൊല്ല പുല്ലുവില വീട്ടിൽ തോമസി (43)നെയാണ് വ്യാഴാഴ്ച രാത്രി കുഴിച്ചാണി ആർ.സി ചർച്ചിന് മുന്നിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇരുവരും ചേർന്ന് ജോണിയുടെ വീട്ടിൽ ബൈക്കിലെത്തി മദ്യപിക്കുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കത്തിൽ ജോണിന്റെ മർദ്ദനത്തെ തുടർന്ന് അബോധവസ്ഥയിലായ തോമസ് പിന്നീട് മരിച്ചു. അടുത്ത ദിവസം രാത്രിയിലാണ് ജോണി തോമസിന്റെ മൃതദേഹം വീടിന് സമീപത്തെ കുഴിച്ചാണി ചർച്ചിന് മുന്നിൽ കൊണ്ടിട്ടത്.

ജോണിയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനകളിൽ മർദ്ദനത്തെ തുടർന്ന് രക്തം വാർന്ന പാടുകൾ കണ്ടത് പ്രതി ജോണി തന്നെയാണെന്ന് ഉറപ്പാക്കി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നറിയാൻ അന്വേഷണം തുടരുകയാണ്. കഞ്ചാവ് കേസിലെ പ്രതിയാണ് അറസ്റ്റിലായ ജോണി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.