തിരുവനന്തപുരം: സ്‌കൂബ ഡൈവിംഗ് പരിശീലനത്തിനിടെ രക്തത്തിൽ ഒാക്സിജന്റെ അളവ് ക്രമാതീതമായി താഴ്ന്നുണ്ടായ ഡീകംപ്രഷൻ സിക്ക്നെസെന്ന ഗുരുതരമായ അവസ്ഥയിൽ തളർന്നുവീണ ഫയർ ഫോഴ്സ് ഉദ്യാേഗസ്ഥൻ രതീഷിന് ഹൈപ്പർ ബാരിക് ഒാക്സിജൻ തെറാപ്പിയിലൂടെ പുനർജന്മം. തിരുവനന്തപുരത്ത് പോത്തൻകോട്ട് പാറമടയിൽ സ്‌കൂബാ ഡൈവിംഗ് പരിശീലനത്തിനിടെ ബോധരഹിതനായ രതീഷിനെ കൈ കാലുകൾക്ക് ചലനശേഷിയും സംസാര ശേഷിയും നഷ്ടപ്പെട്ട അവസ്ഥയിലാണ് എസ്.പി ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കേരളത്തിൽ ആദ്യമായാണ് ഇത്തരം കേസ് റിപ്പോർട്ട് ചെയ്യുന്നത്. അന്തരീക്ഷ മർദ്ദത്തിൽ പെട്ടെന്നുണ്ടാകുന്ന വ്യതിയാനത്തിൽ രക്തക്കുഴലുകളിൽ നൈട്രജൻ കുമിളകൾ രൂപപ്പെട്ട് ഒാക്സിജൻ ലഭ്യമല്ലാതാകുന്ന അവസ്ഥയാണിത്.
ഡോ. അജിത്കുമാറിന്റെ നേതൃത്വത്തിലാണ് ചികിത്സ. പ്രത്യേകമായി തയ്യാറാക്കിയ ചേംബറിൽ ഉയർന്ന മർദ്ദം സൃഷ്ടിച്ച് നൂറ് ശതമാനം ഒാക്സിജൻ രോഗിക്ക് ലഭ്യമാക്കുന്ന നൂതന ചികിത്സയാണ് നടത്തുന്നത്. കഴിഞ്ഞ ഏഴുവർഷത്തിനിടെ 3000ൽ അധികം രോഗികളിൽ ഉണങ്ങാത്ത മുറിവുകൾ സുഖപ്പെടുത്താൻ ഹൈപ്പർ ബാരിക് മെഡിസിൻ വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്. രതീഷ് താമസിയാതെ പൂർണമായും രോഗമുക്തനാകുമെന്നാണ് പ്രതീക്ഷയെന്ന് എസ്.പി ഫോർട്ട് ഹെൽത്ത് കെയർ ഗ്രൂപ്പ് എം.ഡി ഡോ. പി. അശോകൻ പറഞ്ഞു.