കാസർകോട്: രണ്ടാം തരംഗത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ പൊതുപ്രവർത്തകരിൽ ഭൂരിഭാഗവും വീടുകളിൽ ഇരുന്ന് സമയം കളഞ്ഞപ്പോൾ മുൻ ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമൻ നേരെ പോയത് പച്ചക്കറി തോട്ടത്തിലേക്കാണ്. ഇത്തവണ ജനപ്രതിനിധിയുടെ വേഷത്തിലല്ല, കൈലി ഉടുത്ത് ഉത്തമ കർഷകന്റെ വേഷത്തിൽ തന്നെയാണ് വീടിനടുത്തുള്ള പാടത്ത് കുഞ്ഞിരാമേട്ടൻ സജീവമായത്. കാർഷികവൃത്തിയിൽ ഇതിനകം ഏറെ പ്രശസ്തനായ കെ. കുഞ്ഞിരാമൻ 50 ദിവസം കൊണ്ട് കൃഷിയിടത്തിൽ വിളയിച്ചെടുത്തത് 11 ഇനം പച്ചക്കറികളാണ്. പയർ, വഴുതിന, വെണ്ട, ചീര എന്നിവയുടെ വിളവെടുത്തപ്പോൾ കഴിഞ്ഞ വർഷം കനത്ത മഴയിൽ സംഭവിച്ച നഷ്ടം നികത്താൻ പോരുന്ന കോളാണ് കിട്ടിയത്.
കയ്പ, നരമ്പൻ, പടവലങ്ങ, മത്തൻ, കുമ്പളം വിളവെടുപ്പുകൾ അടുത്ത ദിവസങ്ങളിൽ നടത്തും. അതിശയിപ്പിക്കുന്ന തരത്തിൽ തോട്ടത്തിൽ പച്ചക്കറികൾ നിറഞ്ഞു കണ്ടതിൽ സന്തോഷിക്കുകയാണ് ഈ മാതൃക കൃഷിക്കാരൻ. ഏപ്രിൽ ആറിന് നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാർട്ടി പ്രവർത്തകരിൽ ഭൂരിഭാഗവും വിശ്രമത്തിൽ മുഴുകി. എന്നാൽ പൊതുപ്രവർത്തനം പോലെ തന്നെ കൃഷിയെയും താലോലിച്ചു പോകുന്ന കെ. കുഞ്ഞിരാമന് വിശ്രമം എന്തെന്ന് അറിയില്ലായിരുന്നു.
ഏപ്രിൽ ഏഴ് മുതൽ വിഷു ദിനം വരെയുള്ള ഒരാഴ്ചക്കാലം വയലിൽ ഇറങ്ങിയ ഇദ്ദേഹം വീടിനടുത്തുള്ള ഭൂമി നിരപ്പാക്കൽ ജോലിയിൽ മുഴുകി. ശാസ്ത്രീയമായി പച്ചക്കറി നടാനുള്ള തയ്യാറെടുപ്പാണ് ഇക്കുറി നടത്തിയത്. പുല്ലൂർ വിത്തുല്പാദന കേന്ദ്രത്തിൽ പോയി പതിനൊന്ന് ഇനം പച്ചക്കറി വിത്തുകൾ ശേഖരിച്ചു. അതിന് മുമ്പ് തന്നെ മണ്ണും കാട്ടവും ഇട്ട് കത്തിച്ചു ചൂട്ട് മണ്ണുണ്ടാക്കി. കീടങ്ങളെ കൊല്ലാൻ ഇത് ഉത്തമമാണ്. ഇതിന്റെ കൂടെ കാലിവളവും ചേർത്ത് ചാലു കീറി അതിലിട്ട ശേഷമാണ് പൊതിർത്തു വെച്ചിരുന്ന പച്ചക്കറി വിത്തിട്ടത്. രണ്ടാഴ്ച കഴിഞ്ഞപ്പോൾ നല്ല മഴ വന്നെങ്കിലും വിത്തുമുളച്ചു ചെടിയായതിനാൽ ഭാഗ്യത്തിന് നഷ്ടം വന്നില്ല. കീടത്തിന്റെ ഉപദ്രവം ഇല്ലാതിരിക്കാൻ അലക്കുന്ന സോപ്പും അലക്കുപൊടിയും ചേർത്ത് മിശ്രിതമാക്കി തളിച്ചുകൊടുത്തു. പച്ചക്കറി ചെടികൾ വളർന്ന് വിളവെടുത്തപ്പോൾ കുടുംബത്തിന്റെ ആവശ്യത്തിന് വേണ്ടുവോളം കിട്ടി. ഓണത്തിന് ഒരുമുറം പച്ചക്കറി എന്നാണ് സർക്കാർ പറഞ്ഞതെങ്കിലും കെ. കുഞ്ഞിരാമൻ അതിനും എത്രയോ മുമ്പ് പച്ചക്കറി വിളവെടുത്തു മാതൃകയായി.
ബൈറ്റ്
കഴിഞ്ഞ തവണ നല്ല മഴയുണ്ടായതിനാൽ വലിയ നഷ്ടമാണ് സംഭവിച്ചത്. അതിനാൽ ഇത്തവണ നേരത്തെ പാടത്ത് ഇറങ്ങി. ജൈവവളം വീട്ടിൽ തന്നെ ഉണ്ടാക്കുന്നതിനാൽ കൃഷി ലാഭകരമാണ്. പുറത്തുനിന്ന് വാങ്ങി വളം ചെയ്താൽ ഒന്നും മിച്ചം കാണില്ല.
കെ. കുഞ്ഞിരാമൻ (മുൻ ഉദുമ എം.എൽ.എ)