മമ്മൂട്ടി മുഖ്യമന്ത്രിയായിയെത്തിയ 'വൺ' ബോളിവുഡിലേക്ക്. ചിത്രത്തിന്റെ റീമേക്ക് അവകാശം പ്രശസ്ത ബോളിവുഡ് നിർമ്മാതാവ് ബോണി കപൂർ സ്വന്തമാക്കി. ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ ഇന്ത്യയിലെ മറ്റ് ഭാഷകളിലേക്കുള്ള സിനിമയുടെ അവകാശമാണ് ബോണി കപൂറിന്റെ ഉടമസ്ഥതയിലുള്ള നരസിംഹ എന്റർപ്രൈസസ് എന്ന കമ്പനി നേടിയിരിക്കുന്നത്. നേരത്തെ ഹെലൻ എന്ന ചിത്രത്തിന്റെ റീമേക്കും ബോണി കപൂർ സ്വന്തമാക്കിയിരുന്നു. മകൾ ജാൻവി കപൂറിനെ നായികയാക്കിയാണ് ഹിന്ദിയിൽ ഹെലൻ ഒരുക്കുന്നത്. സന്തോഷ് വിശ്വനാഥാണ് വൺ സംവിധാനം ചെയ്തത്. മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. മലയാളത്തിലെ ആദ്യ സ്പൂഫ് ചിത്രമായ ചിറകൊടിഞ്ഞ കിനാവുകൾക്ക് ശേഷം സന്തോഷ് ഒരുക്കിയ ചിത്രമാണിത്.ബോബിസഞ്ജയ് ആണ് തിരക്കഥ. മുരളി ഗോപി, നിമിഷ സജയൻ, ജഗദീഷ്, സലീം കുമാർ, സുരേഷ് കൃഷ്ണ, അലൻസിയർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. കൊവിഡിനെ തുടർന്ന് പല തവണ റിലീസ് മാറ്റിവച്ച ചിത്രം തിയേറ്ററുകളിലെത്തിയപ്പോൾ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് ചിത്രം ഒ.ടി.ടി പ്ളാറ്റഫോമായ നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്തിരുന്നു.