എത്ര കാത്തിരിക്കേണ്ടിവന്നാലും പത്തൊൻപതാം നൂറ്റാണ്ട് തിയേറ്ററിലേ റിലീസ് ചെയ്യൂവെന്ന് ഉറപ്പിച്ച് സംവിധായകൻ വിനയൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സംവിധായകൻ തന്റെ ഉറച്ച നിലപാട് വ്യക്തമാക്കിയത്. എഡിറ്റിംഗ് ജോലികൾ ആരംഭിച്ച ചിത്രത്തിന്റെ ക്ളൈമാക്സ് രംഗങ്ങൾ ഇനിയും ചിത്രീകരിക്കാനുണ്ടെന്നും വ്യക്തമാക്കി. മാത്രമല്ല സിനിമയെ ഇത്രയും ജനകീയമാക്കിയ തിയേറ്ററുകളെ സിനിമാക്കാർ മറക്കരുതെന്നും ഓർമ്മിപ്പിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ട് ഇറങ്ങുന്നതോടെ ഇതിലെ നായകൻ സിജു വിൽസൺ മലയാളസിനിമയുടെ താരസിംഹാസനത്തിൽ എത്തുമെന്നും വിനയൻ മുമ്പ് പറഞ്ഞിരുന്നു. ചിത്രത്തിന് ഒരു മാസത്തെ ഷൂട്ടിംഗ് കൂടി ബാക്കിയുണ്ട്.
നീലിയായി രേണു
മികച്ച വേഷങ്ങൾ ചെയ്ത് നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ രേണു സൗന്ദറാണ് ചിത്രത്തിൽ നീലിയുടെ വേഷത്തിലെത്തുന്നത്. മിനി സ്‌ക്രീനിൽ നിന്ന് മൻഹോൾ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് ചുവടു മാറ്റിത്. അന്തർദേശീയ തലത്തിൽ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ സിനിമയാണ് മൻഹോൾ. മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും മാൻഹോൾ നേടിയിരുന്നു. രേണു രണ്ടാമത് അഭിനയിച്ചത് വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിലാണ്. കൂടാതെ ഓട്ടം, പെങ്ങളില, മാർജാര തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്
പത്തൊൻപതാം നൂറ്റാണ്ടിന്റെ എഡിറ്റിംഗ് ജോലികൾ ആരംഭിച്ചു. വിവേക് ഹർഷനാണ് എഡിറ്റർ. കൊവിഡിന്റെ തീവ്രത കുറഞ്ഞതിനു ശേഷം ക്ലൈമാക്സ് ഇനിയും ഷൂട്ടുചെയ്യേണ്ടതായിട്ടുണ്ട്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറഞ്ഞ ചെലവിൽ ആസ്വദിക്കാൻ പറ്റുന്ന വിനോദമാണ് സിനിമ. വർണ്ണാഭമായ ദൃശ്യങ്ങളുടെയും അതിശയിപ്പിക്കുന്ന ശബ്ദവിന്യാസത്തിന്റെയും വിസ്മയക്കാഴ്ചയായ സിനിമ നല്ല തീയറ്ററുകളിലെ സാങ്കേതിക സൗകര്യത്തോടു കൂടി കണ്ടാലേ അതിന്റെ പൂർണ്ണ ആസ്വാദനത്തിലെത്തു. ഒ.ടി.ടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുന്ന സിനിമകൾ ഫോണിന്റെ സ്‌ക്രീനിൽ കണ്ടു തൃപ്തിയടയുന്നവരും ഉണ്ടല്ലോ? ഉള്ളതുകണ്ട് ഉള്ളപോലെ തൃപ്തിയാകുക എന്ന അവസ്ഥയെന്നേ അതിനെക്കുറിച്ച് പറയാനാകൂ...
അതുകൊണ്ട് തന്നെ നൂറുകണക്കിന് ജൂണിയർ ആർട്ടിസ്റ്റുകളും നിരവധി ആക്ഷൻ സ്വീക്വൻസുകളും ഒക്കെയുള്ള പത്തൊൻപതാം നൂറ്റാണ്ട് എത്ര കാത്തിരുന്നാലും തീയേറ്ററുകളിൽ മാത്രമേ റിലീസ് ചെയ്യു എന്ന തീരുമാനമാണ് ഞങ്ങൾ എടുത്തിരിക്കുന്നത്. വലിയ താരപദവിയും ജനകീയമായ അംഗീകാരവുമൊക്കെ സിനിമാക്കാർ നേടിയെടുത്തതിൽ തീയറ്ററുകളിലെ ആരവങ്ങൾക്ക് വലിയ പങ്കുണ്ടെന്ന എന്ന കാര്യം സിനിമാക്കാർ എങ്കിലും മറക്കരുത് എന്നാണ് എന്റെ അഭിപ്രായം.