മുക്കം: ഗൾഫിൽ വൻ തുക ശമ്പളമുള്ള ജോലിയും വിസയും വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ഒന്നര കോടി രൂപ തട്ടിയെടുത്ത് മുക്കത്ത് ഒളിച്ചു പാർക്കുകയായിരുന്ന ആൾ പൊലീസിന്റെ പിടിയിലായി. ആലപ്പുഴ സ്വദേശി റോണി തോമസിനെ (40) യാണ് കോട്ടയം ഗാന്ധിനഗർ പൊലീസ് പിടികൂടിയത്. മണാശേരി കെ.എം.സി.ടി മെഡിക്കൽ കോളേജ് പരിസരത്ത് കൊല്ലം സ്വദേശിയായ നഴ്‌സിനൊപ്പം വാടക വീട്ടിലാണ് ഭാര്യ ഭർത്താക്കന്മാരെന്ന ഭാവത്തിൽ കഴിഞ്ഞ നാലു മാസം താമസിച്ചിരുന്നത്. അതിനു മുമ്പ് മറ്റു പല സ്ഥലത്തും ഒളിച്ചു താമസിക്കുകയായിരുന്നു. ഗാന്ധിനഗർ സ്വദേശി റോയിയുടെ പരാതിയിലാണ് കേസ്. മകന്റെ ഭാര്യക്ക് കുവൈത്തിൽ ജോലി വാഗ്ദാനം നൽകി മൂന്നു തവണയായി 23 ലക്ഷം രൂപയാണ് റോയിയിൽ നിന്ന് ഇയാൾ തട്ടിയെടുത്തത്. സമാനമായ രീതിയിൽ റാന്നിയിലും തട്ടിപ്പു തടത്തിയതായി ഇയാൾക്കെതിരെ പരാതിയുണ്ടെന്ന് പൊലിസ് പറഞ്ഞു. കൂടെ ഉണ്ടായിരുന്ന സ്ത്രീ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്‌സാണെന്നും അവർക്ക് തട്ടിപ്പിൽ പങ്കുള്ളതായി വിവരമില്ലെന്നും പൊലീസ് പറഞ്ഞു. ഇവർക്ക് പരിശോധനയിൽ കൊവിഡ് പോസിറ്റീവ് കണ്ടതിനെ തുടർന്ന് അടുത്തുള്ള ചികിത്സ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ അഡിഷണൽ എസ്.ഐ അരവിന്ദ് കുമാർ, എ.എസ്.ഐ രാജേഷ് ഖന്ന, സിവിൽ പൊലിസ് ഓഫിസർ പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.