
വിതുര:അകാലത്തിൽ പൊലിഞ്ഞ ഹവിൽദാർ വിതുര ആനപ്പാറ കടയിൽവീട്ടിൽ രവിയുടെ മകൻ സന്തോഷിന്(44) ജൻമനാടായ ആനപ്പാറ ഗ്രാമം കണ്ണീരോടെ വിട നൽകി. മിലിട്ടിറിയിൽ സിക്കിമിൽ ഹവിൽദാറായി സേവനമുനുഷ്ഠിച്ചിരുന്ന സന്തോഷ് ഇക്കഴിഞ്ഞ 22 ന് ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് കുഴഞ്ഞുവീണിരുന്നു.തുടർന്ന് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന സന്തോഷ് 27ന് പുലർച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പഠനത്തിൽ ബഹുമിടുക്കനായിരുന്ന സന്തോഷിന് ചെറുപ്പത്തിലെ സൈനികനായി ജോലി ലഭിച്ചിരുന്നു. ആനപ്പാറ,വിതുര സ്കൂളുകളിലാണ് സന്തോഷ് പഠിച്ചിരുന്നത്. പിതാവ് ആനപ്പാറ രവി കോൺഗ്രസ് നേതാവാണ്. സന്തോഷിൻെറ മൃതദേഹം ഇന്നലെ രാവിലെ ആനപ്പാറയിലുള്ള കുടുംബവീട്ടിൽ എത്തിച്ചു. സന്തോഷിൻെറ ചേതനയറ്റശരീരം കണ്ട് കുടുംബാംഗങ്ങളും, നാട്ടുകാരും വിങ്ങിപ്പൊട്ടി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അനവധി പേർ സന്തോഷിന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. തുടർന്ന് വെങ്ങാനൂരിലുള്ള ഭാര്യാഗൃഹത്തിലേക്ക് കൊണ്ടുപോയി. അനവധി പേർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. ഉച്ച കഴിഞ്ഞ് ഔദ്യോഗികബഹുമതികളേടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സന്തോഷിൻെറ അകാലനിര്യാണത്തിൽ അടൂർപ്രകാശ് എം.പി, ജി.സ്റ്റീഫൻ എം.എൽ.എ, കെ.എസ്.ശബരിനാഥൻ, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, വിതുരശശി, പാലോട് രവി, വിതുര പഞ്ചായത്ത് പ്രസിഡൻറ് വി.എസ്.ബാബുരാജ്,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്.എൽ.കൃഷ്ണകുമാരി, കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡൻറ് മലയടിപുഷ്പാംഗദൻ, കോൺഗ്രസ് ആനപ്പാറ മണ്ഡലം പ്രസിഡൻറ് ഡി.അജയകുമാർ, വിതുര മണ്ഡലം പ്രസിഡൻറ് ജി.ഡി.ഷിബുരാജ്, തൊളിക്കോട് മണ്ഡലംപ്രസിഡൻറ് ചായംസുധാകരൻ, പനയ്ക്കോട് മണ്ഡലം പ്രസിഡൻറ് എൻ.എസ്.ഹാഷിം, ആനപ്പാറ വാർഡ് മെമ്പർ വിഷ്ണു ആനപ്പാറ എന്നിവർ അനുശോചനം രേഖപ്പെടുത്തി.