കല്ലമ്പലം: നാവായിക്കുളത്ത് ചികിത്സ ലഭിക്കാതെ പശു ചത്ത സംഭവത്തിൽ മേഖലയിലെ ക്ഷീര കർഷകർ ആശങ്കയിൽ. പ്രവാസിയും ക്ഷീര കർഷകനുമായ നാവായിക്കുളം മനോജ് ഭവനിൽ മനോജിന്റെ 8 പശുക്കളിൽ ഒന്നാണ് കഴിഞ്ഞദിവസം ചികിത്സ ലഭിക്കാതെ ചത്തത്. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട പശുവിനെ ചികിത്സിക്കാനായി ഫോണിലൂടെ നിരവധി മൃഗ ഡോക്ടർമാരെ ബന്ധപ്പെട്ടെങ്കിലും ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് കൈയൊഴിയുകയായിരുന്നുവെന്ന് മനോജ് പരാതിപ്പെടുന്നു.
അഞ്ചോളം ക്ഷീരോത്പാദക സഹകരണ സംഘങ്ങളുള്ള നാവായിക്കുളം പഞ്ചായത്തിൽ വളർത്തു മൃഗങ്ങളെ അത്യാസന്ന നിലയിൽ പരിശോധിക്കാൻ ഡോക്ടർമാരുടെ സേവനം ഉടനടി ലഭിക്കുന്നില്ലെന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. കരവാരം, നാവായിക്കുളം, ഒറ്റൂർ, മണമ്പൂർ, നഗരൂർ, മടവൂർ തുടങ്ങി ഏതാനും പഞ്ചായത്തുകളെ ഉൾപ്പെടുത്തി ആറ്റിങ്ങൽ കേന്ദ്രീകരിച്ച് വളർത്തു മൃഗങ്ങൾക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാൻ നൈറ്റ് ബെൽറ്റ് രൂപീകരിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പ്രവർത്തനവും മന്ദഗതിയിലാണെന്നാണ് ആക്ഷേപം.