തിരുവനന്തപുരം: ചെറുകിട വ്യാപാര മേഖലയുടെ തളർച്ച നാടിന്റെ സമ്പത്ത് വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കമലാലയം സുകു പറഞ്ഞു. വ്യാപാരികൾ സംസ്ഥാന വ്യാപകമായി കേന്ദ്ര - സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മുന്നിൽ നടത്തിയ ധർണയുടെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായ്‌പയെടുത്തതിന്റെ പേരിൽ ബാങ്കുകൾ ഉപഭോക്താക്കളോട് പകൽകൊള്ളയാണ് നടത്തുന്നതെന്ന് ഏജീസ് ഓഫീസിനു മുന്നിലെ ധർണ ഉദ്ഘാടനം ചെയ്‌ത സംസ്ഥാന ട്രഷറർ കെ.എസ്. രാധാകൃഷ്‌ണൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എസ്.എസ്. മനോജ്, കരമന മാധവൻകുട്ടി, ആര്യശാല സുരേഷ്, പാപ്പനംകോട് രാജപ്പൻ, വെഞ്ഞാറമൂട് ശശി, പോത്തൻകോട് അനിൽകുമാർ, എസ്. മോഹൻകുമാർ, കുടപ്പനക്കുന്ന് വിനയചന്ദ്രൻ, അഹമ്മദ് കുഞ്ഞ്, ശശി, സണ്ണി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.