തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും തിരുവനന്തപുരം ആർച്ച് ബിഷപ്പുമായിരുന്ന ദൈവദാസൻ ആർച്ചുബിഷപ്പ് മാർ ഇവാനിയോസ് തിരമേനിയുടെ 68-ാം ഓർമ്മ പെരുന്നാൾ നാളെ മുതൽ 15 വരെ കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെന്റ് മേരീസ് കത്തീഡ്രൽ ദൈവാലയത്തിൽ നടക്കും.

കൊവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെയാണ് പെരുന്നാൾ നടക്കുന്നത്. നാളെ മുതൽ രാവിലെ മുതൽ കബർ ചാപ്പലിൽ 15 പേർ വീതമുള്ള ചെറു സംഘങ്ങൾക്ക് പ്രാർത്ഥന നടത്താൻ സൗകര്യമുണ്ട്. എല്ലാദിവസവും വൈകിട്ട് 5ന് കത്തീഡ്രൽ ദൈവാലയത്തിൽ കുർബാനയും കബറിടത്തിൽ ധൂപ പ്രാർത്ഥനയും നടക്കും. ജൂലായ് 1നും 15 നും മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുസ്മരണ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ഈ വർഷം തീർത്ഥാടന പദയാത്രകൾ നടക്കില്ല.

ജൂലായ് 10ന് റാന്നി പെരുനാട് ദൈവാലയത്തിൽ കാതോലിക്കാ ബാവാ കുർബാന അർപ്പിക്കും. മറ്റു ദിവസങ്ങളിൽ സഭയിലെ മറ്റു മെത്രാപ്പോലീത്താമാർ കുർബാനയർപ്പിക്കും. സമാപന ദിവസമായ ജൂലായ് 15ന് രാവിലെ 8 മുതൽ പെരുന്നാൾ തിരുകർമ്മങ്ങൾ നടക്കും. മലങ്കര കാത്തലിക് യൂട്യുബ് ചാനലിൽ പരിപാടി തത്സമയം പ്രക്ഷേപണമുണ്ടാകും. ജൂലായ് 18ന് സഭയിലെ എല്ലാ ദൈവാലയങ്ങളിലും ദൈവദാസൻ മാർ ഈവാനിയോസ് ഓർമ്മ പെരുനാൾ നടക്കും.