bjp

തിരുവനന്തപുരം: കേരളം ഭീകരവാദികളുടെ താവളമാവുകയാണെന്ന് ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ വിനയ് സഹസ്രബുദ്ധെ പറഞ്ഞു. ബി.ജെ.പി സംസ്ഥാന സമിതി യോഗം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയത, ക്രിമിനലിസം, അഴിമതി എന്നിവ കേരളത്തിൽ കൊടികുത്തിവാഴുകയാണ്. രാമനാട്ടുകര സ്വർണക്കടത്ത് തെളിയിക്കുന്നത് സി.പി.എം, എസ്.ഡി.പി.ഐ, മുസ്ലിംലീഗ് ബന്ധത്തെയാണ്.

സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കോർഗ്രൂപ്പ് അംഗങ്ങളും സംസ്ഥാനത്തിന്റെ ചുമതലക്കാരൻ സി.പി. രാധാകൃഷ്ണനും തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ പങ്കാളികളായി. കേന്ദ്രമന്ത്രി വി.മുരളീധരൻ ചെന്നൈയിൽ നിന്നും മറ്റ് ജില്ലകളിലെ സംസ്ഥാന സമിതി അംഗങ്ങൾ അതത് ജില്ലാകേന്ദ്രങ്ങളിൽ നിന്നും ഓൺലൈൻ വഴി പങ്കെടുത്തു.

സി.പി.എം പങ്ക് പറ്റി: സുരേന്ദ്രൻ

കേരളത്തിലെ സ്വർണ കള്ളക്കടത്തിന്റെ പങ്കു പറ്റുന്നവരാണ് സി.പി.എമ്മെന്ന് തെളിഞ്ഞതായി കെ.സുരേന്ദ്രൻ പറഞ്ഞു. കള്ളക്കടത്തുകാരും അത് നിയന്ത്രിക്കുന്നവരും സി.പി.എം നേതാക്കളാണെന്നതിന്റെ തെളിവുകളാണ് പുറത്ത് വരുന്നത്. കേസിന്റെ അടിവേര് പോവുന്നത് എ.കെ.ജി സെന്ററിലേക്കാണ്. ക്വട്ടേഷൻ സംഘങ്ങളുടേയും അധോലോക സംഘങ്ങളുടേയും സുരക്ഷിത കേന്ദ്രമായി കേരളം മാറിയതിന്റെ ഉദാഹരണമാണ് രാമനാട്ടുകര സംഭവം. സർക്കാരിന്റെ ഒത്താശയോടെയാണ് കള്ളക്കടത്ത് സംഘം വിലസുന്നത്.