vld-1

വെള്ളറട: മണത്തോട്ടം കുന്നുംപുറത്ത് മുത്തശ്ളി വിജയമ്മയുടെ സംരക്ഷണയിൽ കഴിയുന്ന ആറാം ക്ളാസ് വിദ്യാർത്ഥിയായ ആര്യന്റെ പഠനം വൈദ്യുതി ഇല്ലാത്തതിനാൽ മുടങ്ങിയിരുന്നു. ഈ വിവരം വി.പി.എം സ്കൂളിലെ അദ്ധ്യാപകർ വഴി ഇലക്ട്രിസിറ്റി ഓഫീസിലെ അസി. എൻജിനിയർ സനൽ കുമാർ അറിഞ്ഞതിനെത്തുടർന്ന് ആര്യന്റെ മുത്തശ്ശിയോട് വൈദ്യുതിക്കായുള്ള അപേക്ഷ കൊണ്ടുവരാൻ നിർദ്ദേശിക്കുകയും അപേക്ഷ ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ വീട്ടിൽ വൈദ്യുതി കണക്ഷൻ എത്തിക്കുകയും ചെയ്തു. അമ്മ അർബുദം ബാധിച്ച് മരിക്കുകയും അച്ഛൻ ഉപേക്ഷിച്ച് പോകുകയും ചെയ്തതിനാലാണ് മുത്തശ്ശിയുടെ സംരക്ഷണയിൽ ആര്യൻ കഴിയുന്നത്.