tree-cutting

തിരുവനന്തപുരം: വിവാദ ഉത്തരവിന്റെ മറവിൽ ഒമ്പത് ജില്ലകളിൽ വ്യാപകമായി മരം മുറിച്ചതായി ജില്ലാ കളക്ടർമാരുടെ റിപ്പോർട്ട്. വില്ലേജ് ഓഫീസർമാരിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഏകോപിപ്പിച്ചാണ് ജില്ലാ കളക്ടർമാർ ലാൻഡ് റവന്യൂ കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്. മറ്ര് രേഖകളുടെ കൂടി അടിസ്ഥാനത്തിൽ റിപ്പോർട്ട് പരിശോധിച്ച് തെറ്രുകളും കുറവുകളും കണ്ടുപിടിക്കാൻ ഓരോ ജില്ലകളിലും ഡെപ്യൂട്ടി കളക്ടർമാരെ ചുമതലപ്പെടുത്തി. ആവശ്യമെങ്കിൽ ഇവർ മരംമുറിക്കൽ നടന്ന വില്ലേജുകൾ സന്ദർശിക്കും. കൊല്ലത്തെ റിപ്പോർട്ട് ആണ് അവസാനം ലഭിച്ചത്. ഇവയുടെ ക്രോസ് വെരിഫിക്കേഷൻ പൂർത്തിയാക്കിയ ശേഷമായിരിക്കും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക.

പട്ടയഭൂമിയിലെ മരംമുറിക്കാൻ വില്ലേജ് ഓഫീസർമാർ നൽകിയ എൻ.ഒ.സിയും അതത് വില്ലേജുകളിലെ ട്രീ രജിസ്റ്രറുകളും സൈറ്രുകളിൽ പോയി മരങ്ങളും പരിശോധിച്ച് റിപ്പോർട്ട് ശരിയാണോ എന്ന് പരിശോധിക്കും. വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ പെർമിറ്രുകളും പരിശോധിക്കും. മരം മുറിച്ചത് ജന്മം ലഭിച്ച ഭൂമിയിൽ നിന്നാണെങ്കിൽ നടപടി ഉണ്ടാവില്ല.

2020 ഒക്ടോബർ 20നാണ് വിവാദ ഉത്തരവ് റവന്യു വകുപ്പ് ഇറക്കുന്നത്. ഇത് വിവാദമായതോടെ ഫെബ്രുവരിയിൽ പിൻവലിച്ചു. അതിനിടയിൽ കോടിക്കണക്കിന് രൂപ വില വരുന്ന മരങ്ങൾ മുറിച്ചു കടത്തിയെന്നാണ് കേസ്. വനം വകുപ്പും പൊലീസും റവന്യു വകുപ്പും ചേർന്ന സംയുക്ത അന്വേഷണവും നടക്കുന്നുണ്ട്.