മലപ്പുറം: മൺസൂൺ വരവറിയിച്ച ജൂണിൽ പിടിമുറുക്കി ഡെങ്കി. ജൂൺ ഒന്ന് മുതൽ ഇതുവരെ 196 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ 15 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മുൻമാസങ്ങളിൽ ശരാശരി പത്തിന് താഴെ പേരാണ് രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയിരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഡെങ്കി രോഗ വ്യാപന സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇടവിട്ടുള്ള മഴയും വെയിലും ഡെങ്കി കൊതുകുകളുടെ വളർച്ചയ്ക്കും രോഗവ്യാപനത്തിനും അനുകൂല സാഹചര്യം ഒരുക്കുന്നുണ്ട്. ചുങ്കത്തറ, ചോക്കാട്, അമരമ്പലം, മൊറയൂർ, മഞ്ചേരി, കരുവാരക്കുണ്ട്, മാറഞ്ചേരി, വാഴക്കാട്, തിരുവാലി, ഇരുമ്പിളിയം എന്നിവിടങ്ങളിലാണ് ഡെങ്കി പനി സ്ഥിരീകരിച്ചത്. ഇതിൽ വാഴക്കാട് മാത്രം അഞ്ച് കേസുകൾ സ്ഥിരീകരിച്ചു. കരുവാരക്കുണ്ടിൽ രണ്ട് കേസുകളും. മറ്റിടങ്ങളിലെല്ലാം ഓരോ കേസുകൾ വീതമാണ് റിപ്പോർട്ട് ചെയ്തത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് കേസുകൾ കൂടുതൽ. കൊവിഡിന് സമാനമായ പല ലക്ഷണങ്ങളും ഡെങ്കിക്കുണ്ട്. കൊവിഡ് സാഹചര്യത്തിൽ സ്വയം ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നതാണ് ആശങ്ക. ഡെങ്കി കൂടുന്ന സാഹചര്യത്തിൽ പനി ലക്ഷണങ്ങളുള്ളവർ കൃത്യസമയത്ത് ചികിത്സ തേടണമെന്നും ഇല്ലെങ്കിൽ രോഗം ഗുരുതരമാവാനും മരണത്തിലേക്കും വഴിവെക്കാനും ഇടയാക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. മുൻവർഷങ്ങളിൽ എലിപ്പനി കൂടി ഭീഷണി ഉയർത്തിയിരുന്നെങ്കിൽ ആരോഗ്യവകുപ്പിന്റെ പ്രതിരോധ, ബോധവത്ക്കരണ പ്രവർത്തനങ്ങളിലൂടെ ഇതിന്റെ വരവ് തടയാനായിട്ടുണ്ട്. ഒരുമാസത്തിനിടെ മൂന്ന് പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഒരാൾക്കാണ് രോഗം സ്ഥീരികരിച്ചത്. ജൂൺ 17ന് പൊന്നാനിയിലാണിത്.
പതിനായിരം കവിഞ്ഞ് പനി
ജില്ലയിൽ ഒരുമാസത്തിനിടെ 10,206 പേർക്കാണ് വൈറൽ പനി ബാധിച്ചത്. ദിവസം ശരാശരി 400ന് മുകളിൽ പേർക്ക് പനി ബാധിക്കുന്നുണ്ട്. മൺസൂൺ കാലമായിട്ടും പനി ബാധിതരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ടായിട്ടില്ല. കൊവിഡിന് മുമ്പ് മൺസൂണിൽ ശരാശരി 2,000ത്തോളം പേരാണ് ചികിത്സ തേടിയിരുന്നത്.