തിരുവനന്തപുരം: പേട്ടയിൽ അക്കൗണ്ട് ജനറൽ ഓഫീസ് ഉദ്യോഗസ്ഥരെയും കുടുംബത്തെയും ആക്രമിച്ച കേസിലെ പ്രതികളെ കണ്ടെത്താനായില്ല. തെരച്ചിൽ ഊർജിതമാക്കിയെന്ന് പേട്ട പൊലീസ് അറിയിച്ചു. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയും സുഹൃത്തുമാണ് ആക്രമണത്തിന് പിന്നിലെന്ന് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. ആക്രമണം നടന്നതിന് സമീപത്തെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് ഇരുവരും. പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാനാകാത്ത പൊലീസിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ഞായറാഴ്ച രാത്രി 8.30ഓടെ സായാഹ്ന സവാരിക്കിടെയാണ് ഏജീസ് ഓഫീസ് ജീവനക്കാരായ ഹരിയാന സ്വദേശി രവി യാദവ്, ഉത്തർപ്രദേശ് സ്വദേശി ജഗത് സിംഗ് എന്നിവർക്ക് പരിക്കേറ്റത്. ഭാര്യമാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് തടഞ്ഞപ്പോൾ ഇവരെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പരാതിയുമായി മുന്നോട്ടുപോയാൽ കുഞ്ഞുങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി രാത്രി വൈകിയും പ്രതികൾ ഇവരുടെ വീട്ടിലെത്തിയിരുന്നു.