station-road

പാറശാല: പാറശാല പഞ്ചായത്തിലെ സ്റ്റേഷൻ റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യവുമായി പ്രദേശത്തെ നാട്ടുകാർ ആവശ്യപ്പെട്ടിട്ട് വർഷങ്ങൾ നീളുന്നു. പാറശാല പഞ്ചായത്തിന് മുന്നിൽ നിന്നും ആരംഭിച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ അവസാനിക്കുന്ന നൂറ് മീറ്ററോളം മാത്രം ദൈർഘ്യമുള്ള റോഡ് ടാർ ചെയ്തിട്ട് പത്ത് വർഷത്തിലേറെയായി. പ്രദേശത്തെ നൂറോളം വീടുകളിൽ താമസിക്കുന്നവരും ദൈനംദിന ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ ഓഫീസുകളിൽ എത്തുന്ന നൂറ് കണക്കിന് ആളുകളും കടന്ന് പോകാനുള്ള റോഡാണ് ഗട്ടറുകൾ നിറഞ്ഞതായി മാറിയിട്ടുള്ളത്. ഗട്ടറുകൾ നിറഞ്ഞ റോഡിലൂടെ എങ്ങനെയെങ്കിലും ഇപ്പുറം കടക്കാമെന്ന് കരുതിയാൽ പാറശാല പൊലീസിന്റെ തൊണ്ടിവാഹനങ്ങൾ അതിനും വെല്ലുവിളിയാണ്. നിരവധി ആളുകൾ കടന്ന് പോകുന്ന റോഡിൽ ടാർ ഇളകി ഗട്ടറുകൾ നിറഞ്ഞതും റോഡിന്റെ പകുതിയിലേറെ ഭാഗത്ത് പഴയ വാഹങ്ങൾ കയ്യടക്കിയിരിക്കുന്നതും യാത്രക്കാർക്ക് വെല്ലുവിളി തന്നെയാണ്.

പദ്ധതിയും കുരങ്ങി

ദ്രവിച്ച തൊണ്ടി വാഹനങ്ങൾ ഒന്നിന് മുകളിൽ ഒന്നായി റോഡിൽ പാർക്ക് ചെയ്തിരിക്കുകയുമാണ്. ഗട്ടറുകൾ നിറഞ്ഞ റോഡിൽ തകർന്ന വാഹങ്ങൾക്കൊപ്പം ഇഴജന്തുക്കളുടെയും താവളമായിട്ടുണ്ട്. വേണ്ടത്ര തെരുവ് വിളക്കുകൾ പോലും ഇല്ല. നാട്ടുകാരുടെ പരാതിയെത്തുടർന്ന് റോഡ് ടാർ ചെയ്യുന്നതിനായി പി.ഡബ്ള്യു.അധികൃതർ തുക അനുവദിച്ച് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും റോഡിൽ പാർക്ക് ചെയ്തിട്ടുള്ള സ്റ്റേഷൻ വക തൊണ്ടി സാധനങ്ങൾ മാറ്റാത്തതാണ് ഇപ്പോൾ തടസമായി നിൽക്കുന്നത്.വിവിധ കേസുകളുമായി ബന്ധപ്പെട്ട് സ്റ്റേഷൻ കോമ്പൗണ്ടിന് ഉള്ളിലും പരിസരത്തും പാർക്ക് ചെയ്തുള്ള തൊണ്ടി സാധനങ്ങൾ മാറ്റം ചെയ്യേണ്ടതാണെന്ന് ബന്ധപ്പെട്ട ഉന്നത അധികാരികളിൽ നിന്നും ഉത്തരവുണ്ടെങ്കിലും അത് നടപ്പിലാക്കാതെ തുടരുകയാണ്.

 റോഡിൽ പാർക്ക് ചെയ്തിരിക്കുന്ന തൊണ്ടിവാഹനങ്ങൾ കാരണം റോഡ് നരക തുല്യമായി.

 ഈ റോഡിനെ ആശ്രയിക്കുന്നത്.

പാറശാല ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, സബ് ട്രഷറി, വില്ലേജ് ഓഫീസ്, ഗസ്റ്റ് ഹൗസ്, മൃഗാശുപത്രി, പന്നി വളർത്തൽ കേന്ദ്രം, ഡയറി എക്സ്റ്റൻസൺ കേന്ദ്രം,പി.ഡബ്ള്യു.ഡി ഓഫീസ്, പാറശാല പൊലീസ് സ്റ്റേഷൻ, സർക്കിൾ ഇൻസ്പെക്റ്ററുടെ ഓഫീസ്

പ്രതികരണം: പാറശാലയിലെ സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പടുന്ന മേഖലയിലേക്ക് കടന്ന് പോകാനുള്ള റോഡ് അധികാരികളുടെ അനാസ്ഥ കാരണം നരക തുല്യമായിട്ട് വർഷങ്ങളായി. ഇനിയെങ്കിലും തൊണ്ടിമുതൽ മാറ്റി റോഡ് ടാർ ചെയ്ത് തെരുവ് വിളക്കുകൾ സ്ഥാപിക്കുവാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാവണം. ടി.കെ.അനിൽകുമാർ, സിറ്റിസൺസ് ഫോറം, പാറശാല.

ഫോട്ടോ: തകർന്ന നിലയിലായിട്ടുള പാറശാലയിലെ സ്റ്റേഷൻ റോഡിൽ വർഷങ്ങളായി പാർക്ക് ചെയ്തിട്ടുള്ള വക തൊണ്ടി സാധനങ്ങൾ