തിരുവനന്തപുരം: ഏജീസ് ഓഫീസ് ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണത്തിൽ ജാഗ്രതക്കുറവുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാരെ അവർ താമസിക്കുന്ന പാറ്റൂരിലെ വീട്ടിലെത്തി സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തിൽ ജനരോഷം ഉയരണമെന്നും കെ. സുധാകരൻ പറഞ്ഞു.
ആക്രമണത്തിൽ പരുക്കേറ്റ കുടുംബങ്ങൾ ഇപ്പോഴും ഭയചകിതരാണ്. ആറുവർഷമായി പേട്ട അമ്പലത്തുമുക്കിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട് ഒഴിയാനും ഹരിയാന സ്വദേശി രവി യാദവ്, ഉത്തർപ്രദേശ് സ്വദേശി ജഗത് സിംഗ് എന്നിവർ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ആറുവർഷത്തിനിടയിൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഇവർ പ്രതികരിച്ചു. കേരളത്തിലെ ജനങ്ങൾ വളരെ നല്ലവരാണെന്നും ഈ വാർത്തയറിഞ്ഞ് ധാരാളം മലയാളികൾ തങ്ങളെ വിളിക്കുന്നുണ്ടെന്നും അതിൽ നന്ദിയുണ്ടെന്നും ഇവർ പറഞ്ഞു.