കിളിമാനൂർ: ചോക്കുകൊണ്ട് ബ്ലാക്ക് ബോർഡിൽ ക്ലാസ് എടുത്തിരുന്ന അദ്ധ്യാപകർ ഇന്ന് ഓൺലൈനായി വൈറ്റ് ബോർഡിൽ ചിത്രം വരയ്ക്കുന്ന സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു.
ഓൺലൈൻ പഠനവിഭവങ്ങൾ ഒരുക്കുന്നതിനും പുത്തൻ അറിവുകൾ അദ്ധ്യാപകർക്ക് സമ്മാനിക്കുന്നതിനുമായി കെ.എസ്.ടി.എ കിളിമാനൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ധ്യാപകർക്ക് ഡിജിറ്റൽ പരിശീലനം നൽകുന്നു. ലേണിംഗ് ടീച്ചേഴ്സ് കേരളയുടെ സഹകരണത്തോടയാണ് പരിശീലനം. വീഡിയോ എഡിറ്റിംഗ്, ഗ്രാഫിക് ഡിസൈനിംഗ് ഗൂഗിൾ ക്ലാസ്സ് റൂം, ജാംബോർഡ്, ടെക്ക് മിന്റ്, സർട്ടിഫിക്കറ്റ് ഡിസൈനിംഗ്, ഗൂഗിൾ ലെൻസ് തുടങ്ങി പത്തിലധികം മേഖലകളിലാണ് പരിശീലനം നൽകുന്നത്.
ലോഗിൻ കെ.എസ്.ടി.എ എന്ന പേരിൽ ലേണിംഗ് ഒഫ് ഗ്രാഫിക്സ് ഇൻ ടീച്ചിംഗ് എന്നാണ് പരിശീലനത്തിന്റെ പേര്. ഒന്നാം ബാച്ചിൽ 256 അദ്ധ്യാപകർ പങ്കെടുക്കും. ഒരു മാസക്കാലം കൊണ്ട് ഉപജില്ലയിലെ ആയിരത്തോളം അദ്ധ്യാപകർക്ക് പരിശീലനം നൽകാനാണ് കമ്മിറ്റി ലക്ഷ്യമിടുന്നത്.
പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനവും ലോഗോ പ്രകാശനവും മന്ത്രി വി .ശിവൻ കുട്ടി നിർവഹിച്ചു. കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.വി. വേണുഗോപാൽ, ജില്ലാ കമ്മിറ്റി അംഗം ആർ. കെ. ദിലീപ് കുമാർ,ഉപജില്ല ജോയിന്റ് സെക്രട്ടറി കെ. നവാസ് വൈസ് പ്രസിഡന്റ് അനൂപ് നായർ, അക്കാദമി സബ് കമ്മിറ്റി കൺവീനർ വി. രാജേഷ് എന്നിവർ പങ്കെടുത്തു.