സംസ്ഥാനത്ത് സ്വകാര്യ മേഖലയിൽ ഏറ്റവുമധികം പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങളിലൊന്നായ 'കിറ്റെക്സ്" ഇവിടെ തുടങ്ങാനിരുന്ന 3500 കോടിയുടെ വ്യവസായ സംരംഭങ്ങളിൽ നിന്ന് പിന്മാറുകയാണ്. പുതിയ വ്യവസായ നിക്ഷേപങ്ങൾക്കു വേണ്ടി ദാഹിക്കുന്ന സംസ്ഥാനത്തിന് തീർച്ചയായും ആഘാതമേല്പിക്കുന്ന തീരുമാനമാണിത്. സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ നിരന്തരം തങ്ങളുടെ സ്ഥാപനങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന റെയ്ഡുകളിലും സർക്കാരിന്റെ നിലപാടുകളിലും മനംമടുത്താണ് തിരുവനന്തപുരം, കൊച്ചി, പാലക്കാട് എന്നിവിടങ്ങളിലെ പുതിയ നിക്ഷേപങ്ങളിൽ നിന്ന് പിന്മാറുന്നതെന്ന് കിറ്റെക്സ് ചെയർമാൻ സാബു ജേക്കബ് വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആക്ഷേപത്തിന് മറുപടി നൽകേണ്ട ബാദ്ധ്യത സർക്കാരിനുണ്ട്. വ്യവസായ പുരോഗതി ലക്ഷ്യമിട്ട് നാനാതരത്തിലും സർക്കാർ പരിശ്രമം നടത്തിക്കൊണ്ടിരിക്കെ, മുപ്പത്തയ്യായിരം പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുമായിരുന്ന ഇതുപോലൊരു സംരംഭം മുളപൊട്ടും മുൻപേ കരിഞ്ഞുണങ്ങാനിടയായ സാഹചര്യം അറിയാൻ ജനങ്ങൾക്കും താത്‌പര്യമുണ്ടാകുമല്ലോ. കിറ്റെക്സ് സ്ഥാപനങ്ങളിൽ നിലവിൽ പതിനയ്യായിരം പേർ പണിയെടുക്കുന്നുണ്ട്. കഴിഞ്ഞവർഷം കൊച്ചിയിൽ നടന്ന വ്യവസായി സംഗമത്തിലാണ് കിറ്റെക്സും സർക്കാരും തമ്മിൽ 3500 കോടിയുടെ പുതുസംരംഭങ്ങളിൽ ധാരണാപത്രം ഒപ്പുവച്ചത്. ഇതനുസരിച്ച് എറണാകുളത്ത് സ്ഥലമെടുപ്പും പൂർത്തിയാക്കി പുതിയ യൂണിറ്റുകൾ തുടങ്ങാനുള്ള പ്രാഥമിക ജോലികൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. കൊച്ചിയിൽ തുടങ്ങാനുദ്ദേശിക്കുന്ന വസ്‌ത്രനിർമ്മാണ യൂണിറ്റ് ഇരുപതിനായിരം പേർക്ക് തൊഴിൽ നൽകാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. മറ്റു മൂന്നിടങ്ങളിൽ വ്യവസായ പാർക്കുകളാണ് ലക്ഷ്യമിട്ടത്. ഓരോ സ്ഥലത്തും 5000 വീതം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് പദ്ധതിയിട്ടത്. 2025-ൽ പൂർത്തിയാക്കും വിധം പ്രവർത്തനങ്ങൾ മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കവെയാണ് സർക്കാരിൽ നിന്ന് കയ്‌പേറിയ അനുഭവങ്ങളുണ്ടാകുന്നത്. 53 വർഷങ്ങളായി നല്ലനിലയിൽ നടന്നുവരുന്ന നിരവധി സ്ഥാപനങ്ങളുടെ ഉടമ വെറുതെ സർക്കാരിനെതിരെ ദുരാരോപണവുമായി വരാനിടയില്ല. കേരളം വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ 18 ൽ നിന്ന് 28 -ാം സ്ഥാനത്തേക്ക് പോയത് കിറ്റെക്സ് പറയുന്ന കാര്യങ്ങളെ ശരിവയ്‌ക്കുന്നു.
കിറ്റെക്സ് യൂണിറ്റുകളിൽ വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കൂട്ടത്തോടെ ദിവസേന എത്തി പരിശോധനകളുടെ പേരിൽ ഫാക്ടറികളുടെ പ്രവർത്തനം തടസപ്പെടുത്തുകയാണെന്ന് ചെയർമാൻ പരാതിപ്പെടുമ്പോൾ അധികൃതർ നിജസ്ഥിതി വെളിപ്പെടുത്തണം. വൈരാഗ്യം തീർക്കാൻ വ്യവസായ യൂണിറ്റുകളെ കരുവാക്കുന്ന ദു:ശീലം പണ്ടുകാലത്തുണ്ടായിരുന്നു. അത്തരത്തിലുള്ള തറവേലകൾക്ക് ഇപ്പോൾ ഒരിടത്തും സാംഗത്യമില്ല. പുതിയ നിക്ഷേപങ്ങൾക്കു വേണ്ടി സർക്കാർ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറായി നിൽക്കുമ്പോൾ കിറ്റെക്സ് മാത്രം അപവാദമായി മാറാൻ ഇടയായതെങ്ങനെയെന്ന് ഉന്നത ഭരണകേന്ദ്രങ്ങൾ അന്വേഷിക്കുക തന്നെ വേണം. പുതിയ വ്യവസായ യൂണിറ്റുകൾ തുടങ്ങാൻ തടസമായ കടമ്പകൾ ഒന്നൊന്നായി ഇല്ലാതാക്കി വരികയായിരുന്നു. അതിനിടെ കിറ്റെക്സിനു മാത്രം ഇത്തരത്തിലൊരു ദുരനുഭവമുണ്ടായത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. വ്യവസായം തുടങ്ങാൻ വരുന്നവരെ ഓടിച്ചുവിട്ടിരുന്ന പഴയ ദുർഭൂതങ്ങൾക്ക് സമൂഹത്തിൽ ഇന്ന് യാതൊരു സ്ഥാനവുമില്ല. അത്തരം ശക്തികളെ പ്രോത്സാഹിപ്പിക്കാൻ അധികം സംഘടനകളും രാഷ്ട്രീയക്കാരും ഇപ്പോഴില്ല. രൂക്ഷമായ തൊഴിലില്ലായ്മയാൽ കഷ്ടപ്പെടുന്ന സംസ്ഥാനത്തിന് ഏതു പുതിയ തൊഴിൽശാലയും പ്രത്യാശയുടെ പുതിയ തുരുത്താണ്. പിറക്കും മുൻപേ കുഴിവെട്ടി മൂടേണ്ടതല്ല ഒരു സംരംഭവും. കിറ്റെക്സ് ചെയർമാൻ ഉന്നയിച്ച പരാതി പരിശോധിക്കാനും തിരുത്തേണ്ടതാണെങ്കിൽ തിരുത്താനും സർക്കാർ മുന്നോട്ടുവരണം. കേവലം ഈഗോയുടെ പേരിൽ തൊഴിൽ സാദ്ധ്യതകളുള്ള സംരംഭങ്ങൾ ഇല്ലാതാക്കരുത്.