തിരുവനന്തപുരം: ഏജീസ് ഓഫീസ് ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ത്വരിതപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ എജീസ് ഓഫീസിലെ സീനിയർ അക്കൗണ്ടന്റും ഹരിയാന സ്വദേശിയുമായ രവി യാദവ്, ഡേറ്റാ എൻട്രി ഓപ്പറേറ്ററും ഉത്തർപ്രദേശ് സ്വദേശിയുമായ ജഗത് സിംഗ് എന്നിവരെ പേട്ട അമ്പലത്തുമുക്കിലെ വീട്ടിലെത്തി സന്ദർശിക്കുകയായിരുന്നു അദ്ദേഹം. അന്യസംസ്ഥാനത്തു നിന്ന് തൊഴിൽ സംബന്ധമായി തിരുവനന്തപുരത്ത് എത്തി താമസിക്കുന്നവർക്ക് നേരിട്ട ആക്രമണത്തിൽ അടിയന്തര നടപടി സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവം ഇരുവരും മന്ത്രിയോട് വിശദീകരിച്ചു. വേണ്ട എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌താണ്‌ മന്ത്രി മടങ്ങിയത്. തങ്ങൾക്കേറ്റ ആക്രമണത്തിൽ സർക്കാർ സ്വീകരിച്ച നടപടികളോട് ഇരുവരും നന്ദി പറഞ്ഞു. പേട്ട വാർഡ് കൗൺസിലർ സുജാദേവി, പേട്ട ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. കൃഷ്ണകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.