നെയ്യാറ്റിൻകര: താൻ പഠിച്ച സ്കൂളിനെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തിയ ചാരിതാർത്ഥ്യത്തിലാണ് നെയ്യാറ്റിൻകര എം.എൽ.എ കെ. ആൻസലൻ. നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനെയാണ് ഹൈടെക്ക് വിദ്യാലയമാക്കി ഉയർത്തുന്നതിന്റെ രണ്ടാം ഘട്ടമായി യു.പി വിഭാഗത്തിലെ ആറ് ക്ലാസുമുറികളെ വിദ്യാർത്ഥി സൗഹൃദമാക്കി മാറ്റി. താൻ പഠിക്കുന്ന കാലത്ത് പൊട്ടിപൊളിഞ്ഞ ക്ലാസ് മുറികളും കാലുറയ്ക്കാത്ത ബെഞ്ചുകളും ഡെസ്കുകളുമാണ് ഉണ്ടായിരുന്നതെന്ന് എം.എൽ.എ പറഞ്ഞു. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി നഗരസഭാ വൈസ് ചെയർമാനായപ്പോഴും വിദ്യാലയത്തെ മികവിലേക്കുയർത്തുന്നതിനുളള പ്രവർത്തനങ്ങളിൽ പങ്കാളിയായി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് നിയോജക മണ്ഡലത്തിലെ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനെ അന്തർദേശീയ നിലവാരത്തിലേക്കുയർത്താൻ നടപടികൾ ആരംഭിച്ചത്. പൈതൃക കെട്ടിടം മാത്രം നിലനിറുത്തി 8.16 ലക്ഷം വിനിയോഗിച്ചാണ് പുതിയ ബഹുനില മന്ദിരം നിർമിച്ചത്. ക്ലാസുമുറികളിൽ എൽ.സി.ഡി പ്രൊജക്ടറുകൾ സ്ഥാപിക്കുകയും മുറ്റം ടൈൽ പാകി മനോഹരമാക്കുകയും സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുകയും ചെയ്തു. യു .പി വിഭാഗത്തിലെ ആറു ക്ലാസ് മുറികളിലെ ചുവരുകളിലും വർണ്ണ മനോഹര ചിത്രങ്ങൾ വരച്ച് മോടി പിടിപ്പിച്ചും ആധുനിക ഫർണിച്ചറുകൾ കൊണ്ട് അലങ്കരിച്ചുമാണ് വിദ്യാർത്ഥി സൗഹൃദമായി നവീകരിച്ചിട്ടുളളത്. കൊവിഡ് പ്രതിസന്ധി കഴിഞ്ഞ് കുട്ടികളുടെ വരവും കാത്തിരിപ്പിലാണ് സ്കൂളധികൃതരും. സ്വകാര്യ കമ്പനിയുടെ 8 ലക്ഷം രൂപ പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ചാണ് ക്ലാസ് റൂമുകൾ വിദ്യാർത്ഥി സൗഹൃദമാക്കി നവീകരിച്ചത്. നവീകരിച്ച ശിശുസൗഹൃദ ക്ലാസ്സ് മുറികൾ കഴിഞ്ഞ ദിവസം കെ. ആൻസലൻ എം.എൽ എ കുട്ടികൾക്ക് സമർപ്പിച്ചു.
(Attn. News Editor- സർ വാർത്ത പ്രാധാന്യത്തോടെ കൊടുത്താൽ നന്ന്. 100 പത്രം സ്പോൺസർ കോപ്പി പറഞ്ഞിട്ടുണ്ട്.)